thiruvananthapuram local

തീരമേഖലയില്‍ കഞ്ചാവ് മാഫിയ സജീവം; മൂന്ന് മാസത്തിനിടെ 200 കേസുകള്‍

തിരുവനന്തപുരം: ജില്ലയിലെ തീരമേഖല കേന്ദ്രീകരിച്ച കഞ്ചാവ് മാഫിയയും ക്രിമിനല്‍ സംഘങ്ങളും സജീവമാകുന്നു. വലിയതുറ കടല്‍പാലം, ശംഖുമുഖം, കോവളം മേഖലയില്‍ കഞ്ചാവ് മാഫിയ സജീവമായിട്ടുള്ളത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തെ അതിര്‍ത്തിയിലെ ദേശീയ പാതയിലെ അമരവിള ചെക്ക്‌പോസ്റ്റ് വഴിയാണ് വ്യാപകമായി കഞ്ചാവെത്തുന്നത്.
കഴിഞ്ഞ 3 മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് ഉല്‍പന്നങ്ങള്‍. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് എത്തിക്കുന്ന കഞ്ചാവുകള്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലെത്തിച്ച് മാഫിയകള്‍ കോടികള്‍ കൊയ്യുന്നു.
കഴിഞ്ഞ മൂന്ന് മാസത്തനിടെ ജില്ലയുടെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 200ലധികം. അധികൃതരുടെ കണക്കനുസരിച്ചാണെങ്കില്‍ ഇത് വളരെ കുറവാണ്. എന്നാല്‍ ദിവസവും അതിര്‍ത്തി വഴിയുള്ള ചെക്ക് പോസ്റ്റ് വഴി കടന്നു പോകുന്നത് ലക്ഷങ്ങളുടെ കഞ്ചാവാണ്. ജില്ലാ കേന്ദ്രീകരിച്ച് ഒരു വന്‍മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മാഫിയകളുടെ ഇരകളാണ്.
തീരദേശ മേഖലകളിലും ചില ചേരിപ്രദേശങ്ങളിലെ കോളനികളിലുമാണ് കഞ്ചാവ് ലോബി സജീവമാകുന്നത്. ആവശ്യക്കാര്‍ ഏറെയും വിദ്യാര്‍ഥികളും നിര്‍മാണ തൊഴിലാളികളും. അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയും കഞ്ചാവെത്തുന്നുണ്ട്. പെട്ടന്ന് പണമുണ്ടാക്കാന്‍ ചെറുപ്പക്കാര്‍ കണ്ടെത്തിയ ഉപായമാണ് രഹസ്യക്കടത്ത്.
ഒരു ലക്ഷം രൂപയുടെ കഞ്ചാവ് അതിര്‍ത്തി വഴി കടത്തി തിരുവനന്തപുരത്തുള്ള ഏജന്റിന് എത്തിച്ചു കൊടുത്താല്‍ 20,000 രൂപയാണ് കമ്മീഷന്‍. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് അതിര്‍ത്തി കടന്നു വരുന്നു. കഴിഞ്ഞമാസം ബാലരാമപുരത്തെ ഗവ. ഹൈസ് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കഞ്ചാവ് വലിച്ചു കൊണ്ട് പരീക്ഷക്കെത്തിയത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു.
സിഗരറ്റ് വാങ്ങി അതില്‍ വച്ചിട്ടുള്ള പുകയില തട്ടിക്കളഞ്ഞിട്ട് കഞ്ചാവ് തിരുകിക്കയറ്റുകയാണ് ഇത്തരക്കാരുടെ ഹോബി. ടൂറിസ്റ്റുകളെയും യുവാക്കളെയും യുവതികളെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം മാഫിയകളുടെ വളര്‍ച്ച. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും നില ഉറപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരേ ഒരു ചെറുവിരല്‍പോലും അനക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതും വേദനാജനകമാണ്.
Next Story

RELATED STORIES

Share it