തീരമേഖലയില്‍ ആശങ്ക

കുമളി: അണക്കെട്ട് വിഷയത്തില്‍ നിലപാടു മാറ്റിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുല്ലപ്പെരിയാര്‍ തീര മേഖലയില്‍ ആശങ്ക പരത്തി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളില്‍ മുന്നില്‍ നിന്ന രാഷട്രീയ പ്രസ്ഥാനമാണ് സിപിഎം. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷം മുമ്പ് സിപിഎം വണ്ടിപ്പെരിയാറില്‍ നടത്തിയ മനുഷ്യച്ചങ്ങലയില്‍ പിണറായി വിജയനും അണിചേര്‍ന്നിരുന്നു. പാര്‍ട്ടി നിലപാട് എന്ന നിലയില്‍ വി എസ് അച്യുതാനന്ദനും ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഈ നിലപാട് ഉയര്‍ത്തിയാണ് ഇടതുമുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും താഴ്‌വരയിലെ ജനങ്ങളെ സമീപിച്ചത്. ഇടതുമുന്നണിയുടെ പ്രകടനപത്രികയിലും ഇക്കാര്യം പറയുന്നുണ്ട്. പെരിയാര്‍ തീരദേശ വാസികളുടെ ആശങ്ക അകറ്റുന്നതിന് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്നാണ് ഇ എസ് ബിജിമോള്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നത്. വിഷയത്തില്‍ ഇക്കാലമത്രയും വ്യക്തമായ നിലപാട് സ്വീകരിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം എടുത്ത വിചിത്രമായ നിലപാടാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്. ഇതു സംബന്ധിച്ച് അഭിപ്രായം തേടിയെങ്കിലും പിന്നീട് അറിയിക്കാമെന്നാണ് ഇ എസ് ബിജിമോള്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ അടിയന്തര യോഗം ചപ്പാത്തില്‍ ചേര്‍ന്നു. പുതിയ ഡാം, പുതിയ കരാര്‍ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാനാണ് സമിതിയുടെ തീരുമാനം. പുതിയ അണക്കെട്ട് വേണ്ടെന്ന നിലപാടിലുള്ള ആശങ്ക മുഖ്യമന്ത്രിയെ നേരില്‍ ക്കണ്ട് അറിയിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിനുശേഷം മാത്രമേ പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു.    ബലക്ഷയം സംബന്ധിച്ച് പഠനം നടത്താന്‍ അന്താരാഷ്ട്ര ഏജന്‍സിയെ നിയമിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്.  മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തമിഴ്‌നാടിന് സുപ്രിംകോടതിയില്‍ ആയുധമാക്കുമെന്നും ഇത് കൊടിയ വഞ്ചനയാണെന്നുമാണ് പെരിയാര്‍ തീരവാസികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it