Alappuzha local

തീരപ്രദേശങ്ങളില്‍ ശുദ്ധജലത്തിന് ജനം നെട്ടോട്ടത്തില്‍

അമ്പലപ്പുഴ: പുന്നപ്ര-അമ്പലപ്പുഴ പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും അധികൃതര്‍ക്ക് നിസംഗത. പുന്നപ്ര തെക്കു പഞ്ചായത്തിന്റെ 1,10,11,12,13, 16, 17 എന്നീ വര്‍ഡുകളിലാണ് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ പൊതു പൈപ്പുകളില്‍ നിന്ന് നൂല്‍പരുവത്തില്‍ വെള്ളമെത്താറുണ്ട്. എന്നാല്‍ ഒരു കുടം നിറയുന്നതിനു മുന്‍പ് ഈ വെള്ളത്തിന്റെ വരവും നില്‍ക്കും. പാചക ആവശ്യത്തിനും, ദാഹം ശമിപ്പിക്കുന്നതിനുമായി പുലര്‍ച്ചെ മുതല്‍ വീട്ടമ്മമാര്‍ പൈപ്പിനു ചുറ്റും കൂടി നില്‍ക്കുന്ന അവസ്ഥയാണ് ഉള്ളത്.
ചിലര്‍ കിലോമീറ്ററോളം സഞ്ചരിച്ചാണ് കുടിവെള്ളം കണ്ടെത്തുന്നത്. കിണറുകളും, പൊതു ജലാശയങ്ങളും വറ്റിവരണ്ടതും ജനത്തിന് ഇരുട്ടടി ആയിരിക്കുകയാണ്.പുന്നപ്ര നോര്‍ത്ത് മത്സ്യഭവന്റെ കീഴിലുള്ള ശുദ്ധജല ടാങ്കും ഒരാഴ്ചയായി പ്രവര്‍ത്തിക്കുന്നില്ല. പഴകി ദ്രവിച്ച മോട്ടോര്‍ പ്രവര്‍ത്തനരഹിതമായതാണ് ജലക്ഷാമത്തിനു കാരണമായത്.
പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ ഏക ആശ്രയമായിരുന്ന ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ശുദ്ധജല ടാങ്ക് ആലപ്പുഴ കുടിവെള്ള പദ്ധതിക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പൈപ്പുകളുടെ വാല്‍വുകള്‍ വഴിയും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ദിനംപ്രതി പാഴാകുന്നത്.
കി. മീറ്ററോളം നീളത്തിലാണ് പൈപ്പിന്റെ പല ഭാഗങ്ങളിലും വെള്ളം പാഴാകുന്നത്. ഇതു നിയന്ത്രിക്കുന്ന കാര്യത്തിലും അധികൃതരുടെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇതിനെതിരെ ജനങ്ങള്‍ പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചപ്പോള്‍ റോഡ് പൊളിച്ച് പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. വകുപ്പുകള്‍ തമ്മിലുള്ള കിടമല്‍സരവും ജനത്തിന്റെ വെള്ളം കുടി മുട്ടിക്കുകയാണ്. വേനല്‍ കടുത്താല്‍ മുന്‍കാലങ്ങളില്‍ ശുദ്ധജലം ടാങ്കറുകള്‍ വഴി ജനവാസ കേന്ദ്രങ്ങളില്‍ എത്തിക്കുമായിരുന്നു.
എന്നാല്‍ ഇക്കുറി അധികൃതരുടെ ഭാഗത്തു നിന്നും വേണ്ട നടപടി ഉണ്ടായിട്ടില്ല. മത്സ്യക്ഷാമം മൂലം തീരദേശം വറുതിയിലായതിനാല്‍ പണം കൊടുത്തും ജലം സംഭരിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷമാണുള്ളത്.തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കെഎല്‍സിഎ പുന്നപ്ര വിയാനി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ഫാ.ഫ്രാന്‍സിസ് കൈതവളപ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. യേശുദാസ് അറക്കല്‍, അലോഷ്യസ്, തേജ് ബെന്‍, സോണി, ബൈജു ബാസ്റ്റിന്‍, പോപ്പച്ചന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it