thrissur local

തീരപ്രദേശങ്ങളിലെ മാലിന്യം പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്നു

തൃശൂര്‍: കടലേറ്റത്തെത്തുടര്‍ന്ന് തീരദേശ മേഖലയില്‍ പകര്‍ച്ചവ്യാധി ഭീഷണി. കടലേറ്റത്തെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ വ്യാപകമായി മാലിന്യം അടിഞ്ഞുകൂടിയതാണ് രോഗഭീതി പരത്തുന്നത്. കൊടുങ്ങല്ലൂരില്‍ തീരദേശത്ത് മെഗാ മെഡിക്കല്‍ക്യാംപ് സംഘടിപ്പിച്ചു. വെള്ളക്കെട്ടും മാലിന്യവും മൂലം പകര്‍ച്ചവ്യാധികള്‍ തീരദേശത്ത് ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് മെഡിക്കല്‍ ക്യാംപ് നടത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കാര സെന്റ് ആല്‍ബന എല്‍പി സ്‌കൂളിലാണ് മെഡിക്കല്‍ക്യാംപ് നടത്തിയത്. കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പും കടലോര ജാഗ്രതാസമിതിയും തീരദേശ പോലിസും നടത്തിയ തിരച്ചിലില്‍ ഒരു ഫൈബര്‍ വള്ളം കൂടി കണ്ടെത്തിയിരുന്നു. കടല്‍ക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് കടലില്‍ ഇറങ്ങാനാകാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. അതേസമയം മുന്നറിയിപ്പ് അവഗണിച്ച് ബോട്ടുകളും വള്ളങ്ങളും കടലില്‍ മല്‍സ്യബന്ധനത്തിന് ഇറങ്ങുന്നതായും പറയപ്പെടുന്നു. അഴീക്കോട് ഏറിയാട് കടല്‍ ഉള്‍വലിഞ്ഞെന്ന വ്യാജ പ്രചരണവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
അതേസമയം ഓഖി ദുരിതബാധിതരെ സഹായിക്കാന്‍ തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക ഫണ്ട് പിരിവാരംഭിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ തൃശൂര്‍ അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ദിവ്യബലി മധ്യേ പ്രത്യേക പിരിവും നടത്തി.
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ഫണ്ട് പിരിവിനായി രംഗത്തു വന്നിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭം അഴീക്കോട് മുതല്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ വരെയുള്ള പ്രദേശത്തെ സാരമായി ബാധിച്ചപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഔദ്യോഗിക ഏജന്‍സികള്‍ക്ക് കേന്ദ്ര, കേരള സര്‍ക്കാരുകളുടെ അഭിനന്ദനമെത്തി. ഏറ്റവുമധികം പരിശ്രമിച്ചത് റവന്യു വകുപ്പ് തന്നെ.
തഹസില്‍ദാര്‍ വിജെ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ താലൂക്കിലെ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരും സമയപരിധിയില്ലാതെ രംഗത്തിറങ്ങി. കടല്‍ക്ഷോഭ ബാധിതരെ മാറ്റി പാര്‍പ്പിക്കുന്നതിലും ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും റവന്യു വകുപ്പ് പ്രകടിപ്പിച്ച ശുഷ്‌ക്കാന്തി പ്രശംസനീയമായി. പരാതികളില്ലാതെ ദുരിതാശ്വാസ ക്യാംപുകള്‍ നടത്താന്‍ കഴിഞ്ഞുവെന്നതും റവന്യു വകുപ്പിന് നേട്ടമായി.
നാട്ടുകാരെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ എറിയാട് പഞ്ചായത്ത് മികവ് പുലര്‍ത്തി. ദുരിതബാധിത പ്രദേശത്ത് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും ശുചീകരണ പ്രവര്‍ത്തനത്തിന് സഹായം നല്‍കിയും പഞ്ചായത്ത് അധികൃതര്‍ മുന്നില്‍ നിന്നു. എല്ലാ ക്യാംപുകളിലും മുഴുവന്‍ സമയം ചികില്‍സാ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ് കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. കടല്‍ക്ഷോഭ സമയത്ത് തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതില്‍ പോലിസ്, തീരദേശ പോലിസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സര്‍വീസുകള്‍, കടലോര ജാഗ്രതാ സമിതി എന്നിവ മികച്ച സേവനമാണ് നല്‍കിയത്.
Next Story

RELATED STORIES

Share it