Kollam Local

തീരപ്രദേശം സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എംപി

കൊല്ലം:  രൂക്ഷമായ കടലാക്രമണം നേരിടുന്ന നീണ്ടകര തീരപ്രദേശം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നൂറുകണക്കിന് മല്‍സ്യ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നീണ്ടകര പ്രദേശത്ത് തുടര്‍ച്ചയായി രാത്രികാലങ്ങളിലുണ്ടാകുന്ന കടലാക്രമണം തീരദേശവാസികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരെയുണ്ടാകുന്ന കടലാക്രമണം കാരണം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച നീണ്ടകരയിലെ കടല്‍ഭിത്തി അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി നിര്‍മിക്കലാണ് കടല്‍ക്ഷോഭം തടയാനുള്ള ഫലപ്രദമായ ആശ്വാസനടപടി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുലിമുട്ടോടുകൂടിയ കടല്‍ഭിത്തി എന്ന ശാശ്വത പരിഹാര മാര്‍ഗ്ഗത്തിന് കാലേകൂട്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു. കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്ക് ആശ്വാസധനസഹായം നല്‍കുന്നതില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു. കടലാക്രമണ ബാധിത പ്രദേശങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അവരോടൊപ്പം യുഡിഎഫ് നേതാക്കളായ അഡ്വ. ജസ്റ്റിന്‍ ജോണ്‍, വിജയകുമാര്‍, പരിമണം ശിവന്‍കുട്ടി, ബാബു പ്രഭാകരന്‍, ജാക്‌സണ്‍, സുഭാഷ്, ബേസില്‍, ജോസഫ്, സാബു, സ്റ്റാന്‍ലി, പയസ്, പഞ്ചായത്ത് മെമ്പര്‍ നിജ അനില്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it