kozhikode local

തീരദേശ വാര്‍ഡുകളില്‍ മാലിന്യ ശുചീകരണത്തിന് കൗണ്‍സിലര്‍മാര്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍

വടകര: നഗരസഭ പരിധിയില്‍ മഴയെത്തും മുമ്പെ പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും, പൊതുസ്ഥലങ്ങളിലും ദ്രുതഗതിയില്‍ ശുചീകരണം നടക്കുമ്പോള്‍ തീരദേശ വാര്‍ഡുകളില്‍ ശുചീകരണമില്ല. നഗരസഭ പരിധിയിലെ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുക്കോല, മുഖച്ചേരി തുടങ്ങിയ വാര്‍ഡുകളാണ് തീരദേശത്തുള്ളത്.
ഇവിടങ്ങളില്‍ മഴക്കാലത്തിന് മുമ്പ് നടക്കേണ്ട ഒരു ശുചീകരണ പ്രവൃത്തിയും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിപാ വൈറസ്, ഡെങ്കി തുടങ്ങിയ മാരകമായ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നഗരസഭയിലെ 47 വാര്‍ഡുകളിലും മഴക്കാലത്തിന് മുമ്പ് ശുചീകരണം നടത്താന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയാണ് മെയ് മാസം 20ന് ശുചീകരണം നടത്താന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും തീരദേശത്തെ വാര്‍ഡുകളില്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം നഗരസഭയില്‍ ഒരു ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഴയെത്തും മുമ്പെ എന്ന പേരില്‍ ദ്രുതഗതിയില്‍ ശുചീകരണം നടത്താനുള്ള മറ്റൊരു കാരണം ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്.
എന്നാല്‍ കൊതുക് നശീകരണ പ്രവൃത്തിയും തീരദേശത്തെ ഒരു വാര്‍ഡിലും നടന്നിട്ടില്ല. ശുചീകരണം നടത്തുന്നതിനായി വാര്‍ഡ് തലങ്ങളില്‍ ആരോഗ്യ ജാഗ്രത സമിതിക്ക്(എന്‍ആര്‍എച്ച്എം) രൂപം നല്‍കാനായിരുന്നു നിര്‍ദേശം.
ഇത്തരമൊരു സമിതിയും ഇവിടെങ്ങളില്‍ രൂപീകരിച്ചിട്ടില്ല. മാത്രമല്ല പൊതുകിണര്‍ ശുചീകരണം, വാര്‍ഡ്തല പൊതു ശുചീകരണം, പ്രത്യേക ബോധവല്‍കരണ ക്ലാസ് എന്നിവയും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലയില്‍ നിപാ വൈറസ് മൂലം അതീവ ജാഗ്രത പ്രഖ്യാപിച്ച സമയങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ശുചീകരണം നടത്തുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയ്ക്ക് രൂപം നല്‍കിയിരുന്നു. ആ യോഗത്തില്‍ നഗരസഭയിലെ എല്ലാ കൗണ്‍സിലര്‍മാരും പങ്കെടുക്കുകയും ചെയ്തു.
നിലവില്‍ ഒരു ഡെങ്കി കൂടി സ്ഥിരീകരിച്ചതോടെ തീരദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ശുചീകരണ പ്രവൃത്തികള്‍ക്കും മറ്റും നേതൃത്വം നല്‍കേണ്ട കൗണ്‍സിലര്‍മാര്‍ ഒന്നിനും തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ജനപ്രതിനിധികള്‍ ഒന്നിനും തയ്യാറാവാത്ത സാഹചര്യമായതോടെ ഉന്നത ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it