തീരദേശ മേഖലയില്‍ കോണ്‍ഗ്രസ്സിന് കനത്ത നഷ്ടം

മംഗളൂരു: ദക്ഷിണ കനറ ജില്ലയിലെ തീരദേശ മേഖലയില്‍ കോണ്‍ഗ്രസ്സിന് അടിപതറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴു സീറ്റും നേടി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ ഇപ്രാവശ്യം എട്ടില്‍ ഏഴു സീറ്റും ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസ്സുമാണു കരസ്ഥമാക്കിയത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബി രമാനാഥറൈയുടെ പരാജയം കനത്ത തിരിച്ചടിയായി. ഇദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ശ്രമങ്ങളായിരുന്നു നടന്നിരുന്നത്.
യുപി മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത വിഭാഗീയതയാണു കനത്ത തിരിച്ചടിക്കു കാരണമായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സിറ്റിങ് എംഎല്‍എമാരായിരുന്ന മൊയ്തീന്‍ ബാവ, രമാനാഥറൈ, ജെ ആര്‍ ലോബോ, വസന്ത ബങ്കേര, ശകുന്തളഷെട്ടി, വിനയകുമാര്‍ സൊര്‍ക്കെ എന്നിവരാണു പരാജയപ്പെട്ടത്. യു ടി ഖാദറിന്റെ വിജയത്തോടെ ദക്ഷിണ കര്‍ണാടകയില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിന് നേടാനായത്. ഹിന്ദുത്വരാഷ്ട്രീയമാണു ബിജെപിയും സംഘപരിവാരവും ഉയര്‍ത്തിക്കാട്ടിയത്.
രമാനാഥറൈയെ പരാജയപ്പെടുത്താന്‍ എല്ലാ അടവുകളും പയറ്റിയിരുന്നു. ന്യൂനപക്ഷങ്ങളുമായി ഏറെ ബന്ധം പുലര്‍ത്തുന്ന നേതാവ് എന്ന നിലയിലാണ് ഇദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ബിജെപി ശ്രമിച്ചത്. എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ മല്‍സരരംഗത്ത് നിന്നു മാറി നിന്നിരുന്നു.
ഫാഷിസ്റ്റ് മുന്നേറ്റം തടയാനായിരുന്നു മല്‍സര രംഗത്ത് നിന്നു പിന്‍മാറിയത്. എന്നാല്‍ സുന്നികളിലെ ചിലര്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പരസ്യമായി രംഗത്തിറങ്ങി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതു ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായി.
യു ടി ഖാദറിനെയടക്കം പരാജയപ്പെടുത്താന്‍ ഒരു വിഭാഗം സുന്നി പ്രവര്‍ത്തകര്‍ ബിജെപിയോടൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it