kannur local

തീരദേശ മേഖലയില്‍ ഇനി വറുതിയുടെ നാളുകള്‍

കണ്ണൂര്‍: തീരദേശ മേഖലയില്‍ വറുതിയുടെ നാളുകള്‍ക്ക് തുടക്കം. നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. മുന്‍വര്‍ഷം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ 47 ദിവസമായിരുന്നു നിരോധനം. ഇത്തവണ അഞ്ച് ദിവസം കൂടുതലാണ്. നിരോധനം തുടങ്ങുന്നതിനുമുമ്പ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന മല്‍സ്യബന്ധന ബോട്ടുകളും നിര്‍ബന്ധമായും ജില്ലയിലെ തീരം വിടണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ ട്രോള്‍ വലകള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതും മല്‍സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമാണ് നിരോധനം.
ഇക്കാലയളവില്‍ നിയമലംഘനം നടത്തി കടലില്‍ മീന്‍ പിടിക്കുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്ന് ട്രോളിങ് നിരോധനത്തിന് മുന്നോടിയായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. ട്രോളിങ് നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഴീക്കല്‍, തലായി ഹാര്‍ബറുകളില്‍ രണ്ട് രക്ഷാബോട്ടുകളും ആയിക്കരയില്‍ ഒരു തോണിയും സജ്ജമാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഒമ്പത് ലൈഫ് ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. മല്‍സ്യബന്ധനത്തിനായി പോവുന്ന യാനങ്ങളെയും തൊഴിലാളികളെയും നിരീക്ഷിക്കാനായി സാഗര എന്ന മൊബൈല്‍ ആപ്ലിക്കേഷനും ഫിഷറീസ് വകുപ്പും എന്‍ഐസിയും ചേര്‍ന്ന് വികസിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആയിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തോണി അപര്യാപത്മാണെന്നും പകരം ബോട്ട് തന്നെ അനുവദിക്കണമെന്നും യോഗത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ട്രോളിങ് നിരോധന കാലയളവില്‍ കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു കാരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി. ഇവയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, തൊഴിലാളികളുടെ വിവരങ്ങള്‍ എന്നിവ ഫിഷറീസ് ഓഫിസുകളില്‍ അറിയിക്കണം.
എന്നാല്‍, കണ്ണൂര്‍ ജില്ലയുടെ സവിശേഷ സാഹചര്യങ്ങള്‍ കാരണം ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഒരു കാരിയര്‍ വള്ളം മാത്രം ഉപയോഗിച്ച് മല്‍സ്യബന്ധനത്തിന് കഴിയില്ലെന്നും മൂന്ന് കാരിയര്‍ വള്ളമെങ്കിലും ആവശ്യമാണെന്നും മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇക്കാര്യം അടിയന്തരമായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ യോഗം ശുപാര്‍ശ ചെയ്തു. ട്രോളിങ് നിരോധനത്തിന് മുമ്പായി ജില്ലയിലെ മുഴുവന്‍ ബോട്ടുകളും അടിയന്തരമായി കളര്‍ കോഡിങ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 80-85 ശതമാനം ബോട്ടുകളും കളര്‍ കോഡിങ് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കേരളത്തിലെ ബോട്ടുകള്‍ക്കെല്ലാം ഒരു നിറമാണ്. ഇതര സംസ്ഥാന ബോട്ടുകള്‍ കേരളത്തിന്റെ കളര്‍ കോഡ് ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കും. ട്രോളിങ് നിരോധന കാലയളവില്‍ നിയമവിധേയമായി മല്‍സ്യബന്ധനം നടത്തുന്നവര്‍ പത്ര, ദൃശ്യമാധ്യമങ്ങള്‍ വഴിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. വയര്‍ലെസ്, റേഡിയോ, മൊബൈല്‍ ഫോ ണ്‍, ജിപിഎസ് ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാനത്തിലുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.
എഡിഎം ഇ മുഹമ്മദ് യൂസുഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മല്‍സ്യബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന, മാടായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ആബിദ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ശ്രീകണ്ഠന്‍, അസി. ഡയറക്ടര്‍ സി കെ ഷൈനി, വിവിധ മല്‍സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it