Flash News

തീരദേശ ഫഌറ്റ് പദ്ധതി: ബീമാപ്പള്ളി നിവാസികളെ വെട്ടിനിരത്തി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരുവനന്തപുരം വലിയതുറയില്‍ നിര്‍മിക്കുന്ന ഫഌറ്റ് പദ്ധതിയില്‍നിന്ന് അര്‍ഹരായ ഒരുവിഭാഗത്തെ ബോധപൂര്‍വം ഒഴിവാക്കി. അര്‍ഹരുടെ പട്ടികയില്‍ ഇടംപിടിച്ച ബീമാപ്പള്ളി നിവാസികളെയാണ് അവസാന നിമിഷം ഉന്നത ഇടപെടലിനെ തുടര്‍ന്ന് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. വലിയതുറ നിവാസികള്‍ക്കൊപ്പം ബീമാപ്പള്ളി നിവാസികളെ കൂടി ചേര്‍ത്താന്‍ സാമൂഹികപ്രശ്‌നങ്ങള്‍ക്കു കാരണമാവുമെന്ന ബാലിശമായ വാദം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കല്‍ നടന്നതെന്നാണ് ആരോപണം.
സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചു. കടലാക്രമണം സ്ഥിരമായ വലിയതുറ, ബീമാപ്പള്ളി തീരങ്ങളിലെ മിക്ക വീടുകളും അപകടാവസ്ഥയിലാണുള്ളത്. ഇതിനെ തുടര്‍ന്നാണ് ബീമാപ്പള്ളി, ചെറിയതുറ, വലിയതുറ പ്രദേശവാസികള്‍ക്കായി വലിയതുറയില്‍ സര്‍ക്കാര്‍ ഫഌറ്റ് സമുച്ചയ നിര്‍മാണം തുടങ്ങിയത്. 2013ലാണു നടപടികള്‍ ആരംഭിച്ചത്. 2015ല്‍ ജില്ലാ കലക്ടര്‍ ഫിഷറീസ് വകുപ്പിന് കരട് പട്ടിക സമര്‍പ്പിച്ചു. ബീമാപ്പള്ളി തീരത്തെ അര്‍ഹരായവര്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു കലക്ടറുടെ കരടു പട്ടിക ആരംഭിക്കുന്നതു തന്നെ. തുടര്‍ന്ന് ഇവരുടെ വെരിഫിക്കേഷന്‍ വില്ലേജ് ഓഫിസര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍, ഫഌറ്റിന് അര്‍ഹരായവരുടെ അന്തിമ പട്ടിക വന്നപ്പോള്‍ ബീമാപ്പള്ളി നിവാസികളെ പൂര്‍ണമായും ഒഴിവാക്കി. ബീമാപ്പള്ളിക്കാരെ ഒഴിവാക്കാനായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫിസിന്റെ ഇടപെടല്‍ ഉണ്ടായതായാണു സൂചന. ചെറിയതുറ, വലിയതുറ നിവാസികള്‍ക്കൊപ്പം ബീമാപ്പള്ളിക്കാരെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണ് ആ വെട്ടിനിരത്തലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. സര്‍ക്കാരിന്റെ വിവേചനത്തിനെതിരേ പ്രദേശവാസികളും എസ്ഡിപിഐയും രംഗത്തെത്തി. ഫിഷറീസ് വകുപ്പിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സെക്രേട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം കത്തിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it