kozhikode local

തീരദേശത്ത് ശക്തമായ കാറ്റ്: മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

വടകര: ഈ വര്‍ഷത്തെ കാലവര്‍ഷമെത്തിയത് തീരദേശവാസികള്‍ ഭീതിയിലാഴ്ത്തിക്കൊണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ ശക്തമായ മഴയും, കാറ്റുമാണ് വടകര മേഖലയിലെ തിരദേശത്ത് ലഭിച്ചത്. ശക്തമായ കാറ്റ് വന്നതോടെ കടല്‍ നേരിയ തോതില്‍ ഉയര്‍ന്നു. പിന്നീട് കാറ്റിന്റെ ശക്തിയനുസരിച്ച് തിരമാലകളും ഉയര്‍ന്നു പൊങ്ങിയതോടെ കടല്‍ഭിത്തിയില്ലാത്ത ഭാഗങ്ങളിലെ കരയിലേക്ക് കടല്‍ ഇരച്ചു കയറി.
എല്ലാ വര്‍ഷവും അനുഭവിക്കുന്ന പോലെ തന്നെ ഭയത്തോടെയാണ് ഇത്തവണയും തീരദേശവാസികള്‍ കാലവര്‍ഷത്തെ വരവേല്‍ക്കുന്നത്. തുടക്ക ദിവസമായ ഇന്നലെ തന്നെ കടല്‍ രാവിലെ മുതല്‍ പ്രക്ഷുബ്ദമായി തുടങ്ങിയിട്ടുണ്ട്.
വൈകുന്നേരം കാറ്റ് നിലച്ചതോടെയാണ് കടല്‍ ഇത്തിരിയെങ്കിലും ശാന്തമായതെന്ന് തീരദേശവാസികള്‍ പറഞ്ഞു. താഴെഅങ്ങാടി തീരദേശത്തെ മിക്കയിടങ്ങളിലും കടല്‍ഭിത്തി തീരെയില്ലാതായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് പല തവണ പ്രശ്‌നം പറഞ്ഞെങ്കിലും പരിഹാരം കാണാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഇന്നലെ അടിച്ച കാറ്റില്‍ അഴിത്തലയില്‍ മരം കടപുഴകി വീണു. അഴിത്തല സാന്‍ഡ് ബാങ്ക്‌സിന് സമീപം പരുത്തിക്കണ്ടി രാഘവന്റെ കടയ്ക്ക് അടുത്താണ് റോഡില്‍ മരം കട പുഴകി വീണ് ഗതാഗതം തടസപ്പെട്ടത്. നാട്ടുകാര്‍ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ശക്തമായ കാറ്റ് അടിച്ചതോടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. പിന്നീട് ഉച്ചയോടെയാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it