തീരദേശത്തെ നിര്‍മാണങ്ങള്‍: ചട്ടങ്ങളില്‍ ഇളവ്‌

ന്യൂഡല്‍ഹി: തീരപ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കി തീരദേശ പരിപാലന ചട്ടത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ തീരദേശത്തിനു സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കുറഞ്ഞ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി  കുറച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഭൂരിഭാഗവും ജനസാന്ദ്രത ഏറിയ വിഭാഗത്തില്‍ പെടുന്നവയാണ്. മറ്റിടങ്ങളില്‍ നിര്‍മാണത്തിനുള്ള ദൂരപരിധി 200 മീറ്ററായിതന്നെ തുടരും.
ദ്വീപുകളിലെ നിര്‍മാണത്തിന്റെ പരിധി 50 മീറ്ററില്‍ നിന്നും 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നിബന്ധനകള്‍ പാലിച്ച് തീരത്ത് പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മിക്കാം. വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഹോം സ്‌റ്റേകളും തയ്യാറാക്കാം.
മല്‍സ്യത്തൊഴിലാളികള്‍ക്ക് വിനോദസഞ്ചാരം, അലങ്കാര മല്‍സ്യകൃഷി എന്നിവയില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. തീരദേശത്തെ ചരിത്ര പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കണം. വിജ്ഞാപനത്തില്‍ തീരദേശ പരിപാലനമെന്നത് പുതിയ നിര്‍വചനപ്രകാരം സമുദ്രതീരദേശ പരിപാലന മേഖലാ നിയമം എന്ന് ഭേദഗതി വരുത്തി.
12 നോട്ടിക്കല്‍ മൈല്‍ വരെ വരുന്ന സമുദ്രഭാഗവും നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തി. 300 മീറ്റര്‍ വരെയുള്ള തീരദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല, പകരം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. 50 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തി കഴിഞ്ഞവ പൊളിക്കേണ്ടെന്നും നിര്‍ദേശിക്കുന്നു.
Next Story

RELATED STORIES

Share it