Flash News

തീരദേശം പ്രാര്‍ഥനയില്‍; ഇനിയും തിരികെവരാത്ത പ്രിയപ്പെട്ടവര്‍ക്കായി - 1

എച്ച് സുധീര്‍

തീരങ്ങള്‍ അശാന്തിയുടെ നിഴലിലാണ്. ഓഖി ചുഴലിക്കാറ്റിന്റെ ക്രൂര പ്രഹരങ്ങളുമായി എത്തിയ മഹാദുരന്തത്തില്‍ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയും ആശ്രയവും നഷ്ടപ്പെട്ടു. ഹൃദയം പൊട്ടുന്ന വേദനയുമായി കഴിയുന്ന ഉറ്റവരും ഉടയവരും. അന്നത്തിനു വകതേടി പോയവര്‍ ജീവനോടെയുണ്ടോ എന്നറിയാതെ, ഇന്നോ നാളെയോ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ അടക്കിപ്പിടിച്ച തേങ്ങലുമായി ഓരോ നിമിഷവും തള്ളിനീക്കുന്നവര്‍. തിരിച്ചറിയാനാവാത്ത വിധം മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനായി ആശുപത്രി കയറിയിറങ്ങുന്നവര്‍. ആര്‍ത്തലച്ചെത്തുന്ന തിരമാലകളെ പോലും സധൈര്യം കീറിമുറിച്ച് ആഴക്കടലില്‍ പോയിരുന്നവരുടെ കണ്ണുകളില്‍ ഇപ്പോള്‍ പ്രകടമാവുന്നതാവട്ടെ ദൈന്യതയും നിസ്സഹായാവസ്ഥയും. ദിനംപ്രതി ആശ്വസിപ്പിക്കാനും സഹായം നല്‍കാനുമൊക്കെയായി തീരദേശത്ത് എത്തുന്നവര്‍ക്കു മുന്നില്‍ നീരുവറ്റിയ കണ്ണുകളോടെ മരവിച്ച മനസ്സുമായി കഴിച്ചുകൂട്ടുകയാണു വീട്ടമ്മമാരും കുടുംബങ്ങളും. ഇനിയും തിരികെവരാത്ത പ്രിയപ്പെട്ടവനു വേണ്ടി ഒാരോരുത്തരും അണയാത്ത മെഴുകുതിരിനാളത്തെ സാക്ഷിയാക്കി പ്രാര്‍ഥനയിലാണ്. ഊണും ഉറക്കവുമില്ലാത്ത ഇവരുടെ പ്രാര്‍ഥനകള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ ആശ്വാസവാക്കുകള്‍ക്കു പോലും പ്രസക്തിയില്ല. പിഞ്ചുമക്കള്‍ക്ക് അന്ത്യചുംബനം നല്‍കാനെങ്കിലും അഴുകി വിരൂപമാവാത്ത രൂപത്തില്‍ മൃതദേഹമായെങ്കിലും അദ്ദേഹത്തെ കിട്ടുമോയെന്ന ചോദ്യത്തിനു മുന്നില്‍ ഒരാള്‍ക്കും പിടിച്ചുനില്‍ക്കാനുമാവില്ല. കൈക്കുഞ്ഞുങ്ങളുമായി കാത്തിരിക്കുന്ന അമ്മമാരും ആരും തുണയില്ലാത്ത വൃദ്ധ മാതാപിതാക്കളും നിറവയറുമായി കാത്തിരിക്കുന്ന ഭാര്യയും അനാഥത്വത്തിന്റെ പടുകുഴിയിലേക്കു വീഴരുതേയെന്ന് ആഗ്രഹിക്കുന്ന കുരുന്നുകളും ഉള്‍പ്പെടെ തീരദേശത്തെ വീടുകള്‍ ഒന്നടക്കം ഇനിയും തിരികെയെത്താത്ത ഉറ്റവരെയും പ്രതീക്ഷിച്ച് നിമിഷങ്ങള്‍ എണ്ണി കഴിയുകയാണ്. പൂന്തുറ, വിഴിഞ്ഞം മേഖലകളിലായി 66 പേരാണ് ഇനിയും തിരികെ എത്താനുള്ളതെന്നാണു മല്‍സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം. അപ്രതീക്ഷിതമായെത്തിയ ദുരന്തം തീരത്തെ സൈ്വരജീവിതം തകര്‍ത്തെറിഞ്ഞതോടെ കുടുംബങ്ങളുടെ മനസ്സാകെ മരവിച്ചിരിക്കുന്നു. ദുരന്തമെത്തി 19 ദിവസം പിന്നിട്ടപ്പോഴേക്കും മരണനിരക്ക് 70 പിന്നിട്ടു. ഇനിയും കണ്ടെത്താനുള്ളവര്‍ നിരവധി. വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമില്ലാത്തതിനാല്‍ ഇക്കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു. നൂറിനടുത്ത് ആളുകളെ മാത്രമെ കണ്ടെത്താനുള്ളൂവെന്നു സര്‍ക്കാരും 250നടുത്ത് ആളുകള്‍ എത്താനുണ്ടെന്നു ലത്തീന്‍ സഭാ നേതൃത്വവും പറയുന്നു. വിഴിഞ്ഞം തീരത്ത് 1500ലധികം വള്ളങ്ങളാണുള്ളത്. ഇതില്‍ കടലില്‍ കാണാതായവരുടെ വള്ളങ്ങളുമുണ്ട്. ദുരന്തത്തിനു ശേഷം വിഴിഞ്ഞം തീരം ആളൊഴിഞ്ഞ തുറയായി മാറി. വള്ളങ്ങളെല്ലാം തീരത്തു കയറ്റിവച്ചിരിക്കുന്നു. വലയും അനുബന്ധ ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. അടിമലത്തുറ, പൂവാര്‍, പുല്ലുവിള തീരങ്ങളിലെ സ്ഥിതിയും സമാനമാണ്. വൈകുന്നേരങ്ങളിലെ ആരവങ്ങളും ആഘോഷങ്ങളും തീരത്ത് ഇപ്പോള്‍ കാണാനാവില്ല. എവിടെയും കണ്ണീരും ആവലാതിയും മാത്രം. തീരത്തെ മണല്‍പ്പരപ്പില്‍ കളിചിരികളുമായി കഴിഞ്ഞിരുന്ന കുരുന്നുകള്‍ പോലും വീടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ്. ക്രിസ്മസ് തിരക്കുകള്‍ കൊണ്ട് ആഘോഷമാവേണ്ട പള്ളിമുറ്റങ്ങളെല്ലാം ദുരിതാശ്വാസ ക്യാംപുകളായി മാറി. ഗൃഹനാഥനെ നഷ്ടപ്പെട്ടതിനു പിന്നാലെ അന്നവും മുട്ടിയതോടെ വിശന്നുകരയുന്ന മക്കള്‍ക്കു മുന്നില്‍ വീട്ടമ്മമാരും നിസ്സഹായരാവുകയാണ്. ദൈന്യത നിറഞ്ഞ കണ്ണുകളുമായി കടലിന്റെ വിദൂരതയിലേക്കു നോക്കിയിരിക്കുന്ന വൃദ്ധ മാതാപിതാക്കളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുമെല്ലാം ഓരോ പ്രദേശത്തിന്റെയും തീരാവേദനയായി അവശേഷിക്കുന്നു.(നാളെ: ക്രിസ്മസ് തലേന്ന് അറിയാം ദുരന്തത്തിന്റെ ആഴം)
Next Story

RELATED STORIES

Share it