ernakulam local

തീരക്കടലില്‍ ദൂരപരിധി ലംഘിച്ച് ട്രോളിങ്; സംഘര്‍ഷമുണ്ടാവുമെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ്

വൈപ്പിന്‍: പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ വഞ്ചിയില്‍ മല്‍സ്യബന്ധനം നടത്തുന്ന തീരക്കടലില്‍ പരിധി ലംഘിച്ച് മല്‍സ്യബന്ധന ബോട്ടുകള്‍ ട്രോളിങ് നടത്തുന്നത് കടലില്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി. വൈപ്പിനില്‍ മാലിപ്പുറം മുതല്‍ മുനമ്പം വരെയുള്ള 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരത്തുനിന്നും അരക്കിലോമീറ്റര്‍ മാത്രം ദൂരപരിധിയില്‍ ദിവസവും നിരവധി ബോട്ടുകളാണ് നിയമവിരുദ്ധമായി ട്രോളിങ് നടത്തിവരുന്നത്.
ഇതുമൂലം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് തീരക്കടലില്‍നിന്നും മല്‍സ്യം ലഭിക്കുന്നില്ല. ഈ ഭാഗത്തുനിന്നും അയല, ചെമ്മീന്‍, മാന്തല്‍, കുട്ടന്‍ തുടങ്ങിയ മല്‍സ്യങ്ങള്‍ ധാരാളമായി ബോട്ടുകള്‍ പിടിച്ചുകൊണ്ട് പോവുകയാണ്.
എന്നാല്‍ ഇവരെ പിടികൂടി നടപടിയെടുക്കേണ്ട ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഒളിച്ചുകളിക്കുകയാണെന്ന് ജില്ല ചെറുവഞ്ചി മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി ജി സൗമിത്രന്‍ ആരോപിക്കുന്നു.
ട്രോളിങ് നിരോധനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരക്കടലില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ പതിവായി നടത്താറുള്ള അനധികൃത മല്‍സ്യബന്ധനം സംബന്ധിച്ച് പരമ്പരാഗത തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നതാണ്. ഈ സമയം കര്‍ശന നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല.
ബോട്ടുകള്‍ ദൂരപരിധി ലംഘിച്ച് തീരക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന വിവരം തൊഴിലാളികള്‍ യഥാവിധം അറിയിച്ചിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ചെറുവഞ്ചി മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
ഈ സാഹചര്യത്തില്‍ തടയാന്‍ തൊഴിലാളികള്‍ തന്നെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും യൂനിയന്‍ നേതൃത്വം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it