azchavattam

തീപ്പെട്ടി

തീപ്പെട്ടി
X
കുഞ്ഞാമു പുറക്കാട്

Theepetti-cover

ന്നിക്കൊയ്ത്ത് കഴിഞ്ഞു കണ്ടങ്ങള്‍ ഉണങ്ങിവരുന്നതേയുള്ളൂ. ഇപ്പഴേ അരിപ്പത്തിക്കും കൂട്ടര്‍ക്കും തിരക്കായി. അവളുടെ ഉത്തരവാദിത്തവും കൊയ്ത്തിനു മുമ്പുള്ളതിലും വര്‍ധിച്ചതുപോലെ!
നെല്ലിന്‍മുരടും തണ്ടും പാഴ്പുല്ലും പറിച്ചും പെ   റുക്കിയും വയലുകള്‍ അടുത്ത വിളവിടാന്‍ ഒരുക്കി  യിടണം.
മേല്‍നോട്ടം അരിപ്പത്തിയും നേതൃത്വം തയ്യത്തരുമായി പത്തുനാല്‍പത് പെണ്ണുങ്ങള്‍ പണി തുടങ്ങിയിട്ട് ദിവസങ്ങളായി.
[related]ഉയര്‍ന്ന ധനികനും ജന്മിയും തറവാടിയുമാണ് കായിരിറ്റി കാക്ക. അയാളുടെ കൃഷികാര്യക്കാരി കൂടിയാണ് മേല്‍നോട്ടം വഹിക്കുന്ന- ആ പേര്‍ കേള്‍ക്കുമ്പോള്‍ അവളെക്കാണുമ്പോഴും ജനങ്ങള്‍ കാമിനി എന്ന് മന്ത്രിക്കുകയും ചെയ്യുന്ന-അരിപ്പത്തി.
കായിരിറ്റി കാക്കയുടെ പക്കല്‍ ജോലിയുണ്ടെങ്കില്‍ ആരും, പെണ്ണുങ്ങള്‍ പ്രത്യേകിച്ചും, മറ്റിടങ്ങളില്‍ പോവാറില്ല. ഇനി നിര്‍ബന്ധിതരായി പണിക്കാരെങ്കിലും പോവേണ്ടി വന്നാല്‍ തന്നെയും മെനങ്ങാ പണിയിലൂടെ സമയം തള്ളുകയും നേരമാവുന്നതിനു മുമ്പേ പണിയായുധങ്ങള്‍ വൃത്തിയാക്കി കൂലിയും വാങ്ങി സ്ഥലംവിടുകയും ചെയ്യും. എന്നാല്‍, ഇവരൊന്നും കായിരിറ്റി കാക്കക്കാണെങ്കില്‍ അങ്ങനെയല്ല. കരിച്ചവരേയും പിന്നെയും കുറേക്കൂടി കഴിയും വരെയും നില്‍ക്കും.
പക്ഷേ അപ്പോഴൊന്നും, പണിയുള്ള ദിവസങ്ങളില്‍ മാത്രമല്ല അല്ലാത്തപ്പോഴും, അരിപ്പത്തി പോവില്ല. സന്ധ്യകഴിഞ്ഞാലും പിന്നെയും വളരെ സമയം തങ്ങിയേ മടങ്ങൂ.
''ഓള്-അയാളെ സൊന്താ...''
കൂലി വാങ്ങി പോവുന്ന മറ്റു പണിക്കാര്‍ കുചുകുചുക്കും.
അരിപ്പത്തിക്ക് പ്രായം ഒരു മുപ്പത്തഞ്ചേ വരൂ! കായിരിറ്റി കാക്കാക്കും വയസ്സ് അധികമില്ല. ഏതാണ്ട് നാല്‍പത് കഴിഞ്ഞിട്ടേ ഉണ്ടാവൂ. അവളെപ്പോലെ അയാളും നന്നെ വെളുത്തിട്ടാണ്! സൗമ്യമായ പ്രകൃതം. ധനികരില്‍ നൈസര്‍ഗികമായ പകിട്ടും ഔന്നത്യവും. പണിക്കാര്‍ക്ക് നല്ല ഭക്ഷണവും കൂലിയും നല്‍കുന്നതില്‍ മുന്‍സ്ഥാനി.
പണിസ്ഥലത്ത് അരിപ്പത്തിയെ കാണുമ്പോള്‍ അയാളില്‍ ആഹ്ലാദം നിറഞ്ഞുവരും. അത് പാടത്താണെങ്കില്‍ അപ്പോള്‍ നല്ല വെയിലുണ്ടെങ്കിലും മനസ്സ് മയൂരനൃത്തം തുടങ്ങും! അവര്‍ കുനിഞ്ഞു ജോലി ചെയ്യുകയാണെങ്കില്‍ മേല്‍ക്കുപ്പായത്തില്‍ നിന്ന്        കണ്ണെടുക്കില്ല.
ഇരുട്ടിന് കട്ടികൂടി വരുമ്പോള്‍ അരിപ്പത്തി പോവാന്‍ ധൃതി കൂട്ടും. അരയും തലയും മുറുക്കും. അതു കാണുമ്പോള്‍ കായിരിറ്റി കാക്ക പറയും:
''ഇഞ്ഞിന്ന് പോണ്ടെടോ- ഇവ്ട കൂട...''
''ങുഉം. പെണ്ണൊറ്റക്കാ''
''അയിന് ഓളേം ഇങ്ങ് വിളിച്ചോ''
അവള്‍ പോയി അല്‍പനേരം കഴിഞ്ഞാല്‍ അയാള്‍ പതുക്കെ അങ്ങോട്ടു ചെല്ലും. വളരെ നേരം അവിടെ എന്തെങ്കിലും പറഞ്ഞിരിക്കും. സംസാരത്തിനിടയില്‍ അവള്‍ 'കോയില്' എന്നങ്ങ് വിളിച്ചോ പറഞ്ഞോ പോയാല്‍ അയാള്‍ക്ക് അപ്പോള്‍ ദേഷ്യം വരും.
''എടോ- അരിപ്പത്ത്യേ. ഞാനും ഇഞ്ഞും മാത്രമുള്ളപ്പോള്‍ ആ വിളി മാണ്ട. ഞമ്മള് രണ്ടും ഒന്നാ... വേറാരുല്ലെങ്കില്‍ ഇനിക്ക് എന്തും പറയ.''
സമയം ഒരുപാടായെന്ന് തോന്നിയാല്‍ അയാളൊന്ന് നെടുവീര്‍പ്പിട്ട് മൂരിനിവര്‍ന്ന് എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കാന്‍ തുടങ്ങും.
''അല്ലെടോ, ഇന്റെ ഈ ഓന്‍ എപ്പളാടോ വെര്യാ വയനാട്ടിലെ പണീം തീര്‍ന്ന്? ഓന്‍ പോയിറ്റിപ്പം കാലം കൊറേ ആയില്ലേ...! ഇനിക്കൊന്നും ഇല്ലേ-കാണായിറ്റ്...? ഇനി ഓന്‍...''
അയാളുടെ അര്‍ധോക്തി...
എന്തെങ്കിലും ഉദ്ദേശിച്ചാണോ അല്ലയോ എന്നു വ്യക്തമല്ലെങ്കിലും ആ വാക്ക് ഒരുപിടി തീക്കനല്‍ നെഞ്ചില്‍ വീണവിധം അരിപ്പത്തിയെ ഒന്നു പുളയ്ക്കും.
ഇനി വരില്ല, ജീവിച്ചിരിപ്പില്ല എന്റെ പുലയന്‍ എന്നാണോ കോയി ലക്ഷ്യമാക്കുന്നത്?
ഇങ്ങനെ നീളുന്ന സംസാരത്തില്‍ രക്തച്ചുവ കൂടി വന്നുതുടങ്ങിയാല്‍ അവള്‍ പതുക്കെ അവിടെ നിന്ന് മാറും. വൈകാതെ പഴയ സ്ഥാനത്ത് വന്നിരുന്ന് ആലോചനയില്‍ മുഴുകും. ദൂരദിക്കുകളില്‍ പ്രത്യേകിച്ച് വയനാട്ടിലും മറ്റും പണിക്കു പോവുന്നവരില്‍ പലരും പണിസ്ഥലത്ത് പനിപിടിച്ചും മറ്റു പല രോഗങ്ങള്‍ വന്നും മരിക്കാറുണ്ട്. അടുത്ത ആലോചനയില്‍ അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് അവള്‍      സമാധാനിയ്ക്കും.
പിന്നെയും എത്രയോ കഴിഞ്ഞേ അയാള്‍ മടങ്ങുകയുള്ളൂ. എന്നാല്‍, കാലം വളരെ കടന്നുപോയിട്ടും അയാളുടെ ആ മുറാദ്1  ഇതുവരേക്കും നടന്നിട്ടില്ല.
സന്ധ്യക്കുമുമ്പ് വയലിലെ പണി നിര്‍ത്തുമ്പോഴേക്ക് കോരച്ചന്റെ 'മൂരിവണ്ടി' സ്ഥലത്തെത്തി.
പെണ്ണുങ്ങളെല്ലാം കാലിച്ചാക്ക് കെട്ടുകളുമായി കന്നിട്ടയിലേക്ക് നീങ്ങി. ചാക്കുകളിലെല്ലാം അതിവേഗം കൊപ്ര നിറച്ചു തുന്നി വണ്ടിയില്‍ കയറ്റി.
മൂരിവണ്ടി നീങ്ങിത്തുടങ്ങി, പത്തമ്പത് നാഴിക അകലെയുള്ള പട്ടണത്തിലേക്ക്.
''ഞാന്‍ അങ്ങാടീ പോകാ കരിച്ചക്ക് മുമ്പേ മടങ്ങി എത്തും. അപ്പളത്തേക്ക് പണിയെല്ലാം തീര്‍ക്കണം. ങാ-അങ്ങാടീന്ന് ഇനിക്കെന്തേം...?''
നന്നെ പുലര്‍ച്ചെ കായിരിറ്റി കാക്ക നഗരത്തിലേക്കു പോവാന്‍ ഒരുങ്ങി അരിപ്പത്തിയോടു പറഞ്ഞു.
അങ്ങാടിയില്‍ നിന്ന് എന്തോ ഒന്ന് വാങ്ങിക്കാന്‍ ഓര്‍മിച്ചുവച്ചിരുന്നു. പെട്ടെന്ന് മറന്നുപോയതുകൊണ്ട് അവള്‍ പറഞ്ഞു.
''ങുഉം ഇപ്പൊന്നും മാണ്ട''
അവളുടെ ചിന്ത അയാള്‍ ഇറങ്ങിയ ഉടനെ ഇന്നലെ മോന്തി2യിലേക്ക് വീണ്ടും എത്തി. എന്തോ ഇന്നലെ എന്താണെന്നറിയില്ല എന്നും ഇരിക്കുന്നതിലും തോനെ നേരം ഇരുന്നീനു കോയില്...! എല്ലാ വീടുകളിലും ഉറങ്ങിയിട്ടും പോവാന്‍ മനസ്സില്ലാതെ എന്തിനായിരുന്നു ആ ഇരിപ്പ്?
തീരെ വെറുപ്പും ദേഷ്യോം ഇല്ലാത്ത പെരുത്ത് പൊറുമ ഉള്ള ആള്!...
കോയിലിന്റെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം ആ ഉള്ളിലെ കാര്യങ്ങള്‍ വരച്ചുവച്ചതു കാണാം.  കോയിലിനു മാത്രമാണോ പൂതി?
ആലോചന അങ്ങനെ വന്നാല്‍ മോളും മാലോരും എന്ന കടാക്കെട്ടുകള്‍3 പിന്നെയും ഉയര്‍ന്നുകൊണ്ടിരിക്കും... അതിനു മീതെ ഭയം ഇല്ലിമുള്‍ക്കെട്ടുകള്‍ കൊണ്ടിടാനും തുടങ്ങും...
അപ്പോള്‍...
വിളക്കിന് മുമ്പായി കായിരിറ്റികാക്ക പട്ടണത്തില്‍ നിന്ന് തിരിച്ചെത്തിയിരുന്നു.
വയലില്‍ എങ്ങും വെടിപ്പോടെ കൂട്ടിയ ചവറുകൂനകള്‍! തുണിയിലെ പുള്ളിപോലെ മനോഹരമായ കുമ്പലുകള്‍ സംതൃപ്തിയോടെ ഇച്ചിരി നേരം അയാള്‍ നോക്കിനിന്നു. ഇനി അതത്രയും കത്തിക്കുക എന്നതാണ് അടുത്ത ജോലി. ആ ചുമതല അരിപ്പത്തിക്കാണ്.
കോപ്പിരിയയില്‍ കെട്ടി സൂക്ഷിച്ച ഓലച്ചൂട്ട് കെട്ടുകളില്‍ നിന്ന് ഒരെണ്ണം വലിച്ചെടുത്ത് ഉരല്‍പുരയുടെ അടുത്തെ ഉമിയടുപ്പില്‍ നിന്ന് കത്തിക്കാനായി അയാള്‍ അരിപ്പത്തിയുടെ കൈയില്‍ കൊടുത്തു.
കത്തിച്ച ചൂട്ടുമായി അവള്‍ വയലില്‍ എത്തിയതും കാറ്റ് അതു കെടുത്തി. അത് വീണ്ടും കത്തിക്കാനായി അവള്‍ മടങ്ങാന്‍ നോക്കെ എന്തോ ഓര്‍മ വന്നിട്ടെന്നോണം അയാള്‍ പറഞ്ഞു.
''ന്ക്കട്ടെ''
മടിയില്‍ നിന്ന് ഉടനെ തീപ്പെട്ടി എടുത്തു. ഭംഗിയുള്ള ഒരു കൊച്ചു ഡപ്പി! അത് എന്തെന്ന് അവള്‍ വിസ്മയപ്പെട്ടു. അയാള്‍ ഒരു കോലെടുത്ത് തീപ്പെട്ടിയുടെ ഉരസുന്ന ഭാഗത്ത് അമര്‍ത്തി പെരുവിരല്‍ കൊണ്ടൊരു ചൊട്ടുചൊട്ടി. അക്ഷണം ചവറു കൂമ്പാരങ്ങളിലൊന്നില്‍ ജ്വലനം!...
''ഊയ്ൂയീ...!''
അവളുടെ അദ്ഭുതം നിലവിളിയായി.
''കോയിലിന് ഊറ്റം കിട്ടിക്കോ...!! ഊറ്റം...!!!''
ഇപ്പോള്‍ പാടത്ത് വ്യാപിച്ച ഇരുട്ടിന് കനപ്പ് കൂടിക്കൊണ്ടിരുന്നു.
വരമ്പിലെ അറുകണ്ടി അടച്ച് കണ്ടങ്ങളില്‍ വെള്ളം നിര്‍ത്തുമ്പോലെ അയാളിലെ വിഷയാസക്തി തടയാന്‍ അവള്‍ ശ്രമിച്ചു. പിന്നെ സ്വയം തകര്‍ത്ത് ഒരു വരമ്പിലേക്കു ചെരിഞ്ഞു. പിന്നാലെ അയാളും. കൂട്ടത്തില്‍ തീപ്പെട്ടിയിലെ കോലുകള്‍ക്കത്രയും പെട്ടെന്ന് തീപ്പറ്റിയവിധം ഒരാളലും!
ആ തീനാമ്പ് മാത്രയ്ക്കുള്ളില്‍ അവളിലേക്ക് പടരാന്‍ തുടങ്ങി...
കൈ ബലമായി പിടിച്ച് അയാളെ എഴുന്നേല്‍പിച്ചു അരിപ്പത്തി. പിന്നെ സാവധാനം വീട്ടിലേക്ക് നടക്കുമ്പോള്‍ അവള്‍ വിചാരിച്ചു. സ്വതവെ പളുങ്കുപോലത്തെ കോയില്! ഇപ്പം മഹിമകൂടി കിട്ടീക്ക്...! പിന്നെ എന്താ? ഈ വീടും കോയിലിന്റേതല്ലേ? ആരും അറിയാതെ പണ്ട് ഉണ്ടാക്കി തന്നത്!
വീടിന്റെ ഒരു ചെറിയ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന പെണ്ണിന്റെ അടുത്തേക്ക് അയാളെ ഉന്തി വാതില്‍ ചാരിക്കൊണ്ട് അരിപ്പത്തി പറഞ്ഞു.
''ഇപ്പം ഊറ്റം കൂടി കിട്ടീക്ക് കോയിലിന്! ''
അയാള്‍ എത്ര നേരം കഴിഞ്ഞാവും പുറത്തേക്ക് ഇറങ്ങുക എന്ന് അറിയില്ലെങ്കിലും അത് എത്രത്തോളം നീളുമോ അതുവരേക്കും എന്ന നിശ്ചിതിയോടെ ഓര്‍ക്കാപ്പുറത്ത് ആരെങ്കിലും ഇങ്ങോട്ടു വന്നേക്കുമോ എന്ന പേടിയോടെയും അരിപ്പത്തി വിളക്കിന്റെ തിരി വളരെ താഴ്ത്തി ഉമ്മറക്കോലയില്‍ തന്നെ ഇരുന്നു. ഒരാളും ഇങ്ങോട്ടു വരരുതേ എന്ന പ്രാര്‍ഥനയോടെ. ി

1. മുറാദ്- ആഗ്രഹം
2. മോന്തി -രാത്രി
3. കടാക്കെട്ട് -കടമ്പ
Next Story

RELATED STORIES

Share it