Kollam Local

തീപ്പിടുത്തത്തില്‍ മൊബൈല്‍ കട കത്തി നശിച്ചു



ഇരവിപുരം: അര്‍ധരാത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ മൊബൈല്‍ കട കത്തി നശിച്ചു. ഫോണുകളും അനുബന്ധ സാധനങ്ങളും ഉള്‍പ്പടെ പത്ത് ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. കൊല്ലൂര്‍വിള പള്ളിമുക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖക്ക് സമീപമുള്ള സിറാജുദീന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പാലസ് എന്ന കടയിലാണ് തീപ്പിടുത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. കടക്കുള്ളില്‍ നിന്നും ഷട്ടറിനിട യിലൂടെ പുക ഉയരുന്നതു കണ്ട ഹോട്ടല്‍ ജീവനക്കാരാണ് വിവരം ഉടമയേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചത്. കൊല്ലത്തു നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും പോലിസും എത്തിയാണ് തീയണച്ചത്. വില കൂടിയ ഫോണുകള്‍, അനുബന്ധ സാധനങ്ങള്‍, റീചാര്‍ജ് കൂപ്പണുകള്‍, എയര്‍ കണ്ടിഷണര്‍, റാക്കുകള്‍, നിരീക്ഷണ കാമറകള്‍, കംപ്യൂട്ടറുകള്‍ എന്നിവയാണ് കത്തി നശിച്ചത്. ബാങ്ക് വായ്പയെടുത്താണ് സ്വയം തൊഴില്‍ എന്ന നിലയില്‍ സിറാജുദീന്‍ കട തുടങ്ങിയത്. വിവരമറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ സ്ഥലത്തെത്തി തീയണക്കുന്നതിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it