ernakulam local

തീപ്പിടിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന്

വൈപ്പിന്‍: ചെറായി എസ്എം ഹൈസ്‌കൂളിനു മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന എകെജി വായനശാലയും സിപിഎം എട്ടാംവാര്‍ഡ് ബ്രാഞ്ച് ഓഫിസും തീപ്പിടിച്ചു കത്തിനശിച്ച സംഭവത്തിലെ പ്രതികളെ കണ്ടെത്താന്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ലോക്കല്‍ പോലിസിന്ആരെയും പിടികൂടാനായിട്ടില്ല.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി- ആര്‍എസ്എസ്സുകാര്‍ ക്രിമിനലുകളുടെ സഹായത്തോടെ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. അന്നു രാത്രി വൈകിയാണ് ഇരുനില കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് കത്തി നശിച്ചത്. ഇതിനു താഴെ പ്രവര്‍ത്തിക്കുന്ന പൂജാദ്രവ്യക്കടയും മറ്റൊരു കടയിലും പിന്നിലെ വീടിനും നാശനഷ്ടമുണ്ടായി. ഓഫിസും പൂജാദ്രവ്യക്കടയും നിശേഷം കത്തിനശിച്ചു.
അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫിസും വായനശാലയുമാണ് തീപ്പിടുത്തത്തില്‍ നശിച്ചത്.
സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. എന്നാല്‍ പോലിസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ വടിവാളുമായി കൊലവിളി നടത്തുന്നവരുള്‍പ്പെട്ട സംഘത്തെ ഇതുരെ പോലിസ് ചോദ്യംചെയ്തിട്ടില്ല. ഇക്കൂട്ടരില്‍ ചിലരെ സംഭവദിവസം രാത്രി റോഡില്‍ കണ്ടവരുണ്ട്.
കെഎസ്ഇബി അധികൃതരുടെ പരിശോധനയില്‍ ഷോര്‍ട് സര്‍ക്യൂട്ടല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിഭാഗം ഒരുതവണ വന്ന് തെളിവെടുത്തു.
സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്പി പ്രതികളെ ഉടനെ പിടികൂടുന്നുമെന്നു പറഞ്ഞിരുന്നെങ്കിലും നടപടികളുണ്ടായില്ല. പ്രതികളെ കണ്ടെത്തുന്ന കാര്യത്തില്‍ ലോക്കല്‍ പോലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കേസ് തേച്ചുമാച്ചു കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it