Flash News

തിഹാര്‍ ജയിലില്‍ സംഘര്‍ഷം: ഹിസ്ബുല്‍ നേതാവിന്റെ മകന് പരിക്ക്‌

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ സുരക്ഷാഭടന്‍മാരുമായുണ്ടായ സംഘര്‍ഷത്തില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ മകന്‍ സയ്യദ് ഷഹിദ് യൂസഫ് അടക്കം 18 തടവുകാര്‍ക്കു പരിക്കേറ്റു. ഭിന്നശേഷിയുള്ള ഒരു ഓഫിസറെ മൂന്നു തടവുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്നു സുരക്ഷാ ഭടന്‍മാര്‍ ഇടപെട്ടതോടെയാണു സംഘര്‍ഷമുണ്ടായത്. നവംബര്‍ 21ന് അര്‍ധരാത്രിയാണു സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷം സംബന്ധിച്ചു തിഹാര്‍ ജയില്‍ അധികൃതര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ എയിംസ് ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണു ചികില്‍സിക്കുന്നത്. സംഘര്‍ഷം അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.ജയിലില്‍ വിന്യസിച്ച തമിഴ്‌നാട് സ്‌പെഷ്യല്‍ ഫോഴ്‌സിലെ ഭടന്‍മാരും തടവുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. തമിഴ്‌നാട് സ്‌പെഷ്യല്‍ ഫോഴ്‌സ് ബറ്റാലിയന്റെ കമാന്‍ഡിനോടും അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.കശ്മീര്‍ സ്വദേശിയടക്കം മൂന്നു തടവുകാരുടെ കൈവശമുണ്ടായിരുന്ന അനധികൃത വസ്തുക്കള്‍ നീക്കംചെയ്യാന്‍ മുത്തുപാണ്ഡി എന്ന തമിഴ്‌നാട് സ്‌പെഷ്യല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രമിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയത്. ഭിന്നലിംഗക്കാരനായ പാണ്ഡിക്ക് തടവുകാരുടെ മര്‍ദനമേറ്റു. ഇതോടെയാണ് മറ്റ് പോലിസുകാര്‍ ഇടപെട്ടത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ അധികൃതര്‍ അന്വേഷണസംഘത്തിനു സമര്‍പ്പിച്ചു. തിഹാറില്‍ കശ്മീരി തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it