Articles

തിലക് മാര്‍ഗിലെ കൊടുങ്കാറ്റ്

തിലക് മാര്‍ഗിലെ കൊടുങ്കാറ്റ്
X


എസ്  കെ  എം  ഉണ്ണി  

''സുപ്രിംകോടതി ജഡ്ജിമാര്‍ക്കു നേരെ ഷൂസ് എറിഞ്ഞ അഭിഭാഷകനെ സുപ്രിംകോടതി ശിക്ഷിച്ചു.'' ഗുരുതരമായ കോര്‍ട്ടലക്ഷ്യം കാണിച്ചതിനായിരുന്നു ശിക്ഷ. ഏകദേശം രണ്ട് പതിറ്റാണ്ടു മുമ്പ് സുപ്രിംകോടതിയിലെ ഒരു കോടതിമുറിയില്‍ നടന്ന സംഭവമാണു മേല്‍ വിവരിച്ചത്. അക്കാലത്തു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് എ എസ് ആനന്ദിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. മുംബൈയിലെ അഭിഭാഷകനായ നന്ദലാല്‍ ബല്‍വാനിയായിരുന്നു പ്രതി. അയാള്‍ക്കു മൂന്നുമാസത്തെ വെറും തടവും രണ്ടായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്തപക്ഷം രണ്ടു മാസത്തെ തടവുശിക്ഷ കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
''കോടതിയുടെ അന്തസ്സിനു കളങ്കം ചാര്‍ത്താനോ അനാദരിക്കാനോ ഉള്ള സ്വാതന്ത്ര്യമല്ല അഭിഭാഷകനാവുന്നതിലൂടെ ഒരാള്‍ക്കു ലഭിക്കുന്നത്.'' കോടതിയലക്ഷ്യം കാണിച്ചാല്‍ അഭിഭാഷകനു പ്രത്യേക സംരക്ഷണമൊന്നും ലഭിക്കില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍, കോടതിയെ അനാദരിക്കാനുള്ള യാതൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് ബോധിപ്പിച്ച അഭിഭാഷകന്‍ കോടതിയില്‍ അപമര്യാദയായി പെരുമാറിയതിനു നിരുപാധികം മാപ്പപേക്ഷിച്ചുവെങ്കിലും, അതു നിരാകരിച്ച കോടതി ശിക്ഷാവിധിയുമായി മുന്നോട്ടു പോവുകയായിരുന്നു. അഭിഭാഷകന്റെ ഇത്തരത്തിലുള്ള ചെയ്തികള്‍ നീതിന്യായ പ്രക്രിയയിലുള്ള ഇടപെടലാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
മേല്‍ വിവരിച്ച സംഭവം നടന്ന് 18 വര്‍ഷം പിന്നിട്ടപ്പോള്‍ 2017ല്‍ മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ കുറ്റാരോപിതനായത് ഒരു വക്കീലോ കക്ഷിയോ അല്ല മറിച്ച്, ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിയായിരുന്നു! കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണനായിരുന്നു ആരോപണവിധേയന്‍. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അടക്കം ജഡ്ജിമാര്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ചതിന്റെ പേരിലാണു ജസ്റ്റിസ് കര്‍ണനെതിരേ സുപ്രിംകോടതി കോടതിയലക്ഷ്യക്കേസെടുത്തത്. ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ജസ്റ്റിസ് കര്‍ണന്‍ അങ്ങനെ ചരിത്രത്തില്‍ ഇടം നേടി; തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെന്ന നിലയില്‍.
ജസ്റ്റിസ് കര്‍ണന്‍ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞമാസം 20ന് ജയില്‍മോചിതനായി പുറത്തിറങ്ങി. അദ്ദേഹം ഉന്നയിച്ചതും ഉയര്‍ത്തിക്കാട്ടിയതുമായ കാര്യങ്ങള്‍ ഉത്തരം കിട്ടാതെ അന്തരീക്ഷത്തില്‍ ഉഴലുമ്പോഴാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും സുപ്രിംകോടതി സംവിധാനങ്ങളെയും അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞദിവസം സുപ്രിംകോടതി ആസ്ഥാനത്തു ചില സുപ്രധാന സംഭവങ്ങള്‍ അരങ്ങേറിയത്. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെയാണ് നാലു സീനിയര്‍ ജഡ്ജിമാര്‍ നിലവിലെ ചീഫ് ജസ്റ്റിസിനെതിരേ പരസ്യമായി രംഗത്തുവന്നത്. സുപ്രിംകോടതിയില്‍ കാര്യങ്ങള്‍ നേരേ ചൊവ്വേയും ശരിയായുമല്ല പോവുന്നതെന്നു ചൂണ്ടിക്കാട്ടി നാലു മുതിര്‍ന്ന ന്യായാധിപന്മാര്‍ മാധ്യമങ്ങളോട് സംസാരിച്ചത് അനിതരസാധാരണ സംഭവവും രാജ്യമാകെ നടുക്കം രേഖപ്പെടുത്തിയതുമായ ഒന്നായി മാറിയിരിക്കുകയാണ്. ഈ നാലു ജഡ്ജിമാര്‍ ഒപ്പിട്ട് ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തിന്റെ കോപ്പിയും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ പ്രബുദ്ധരായ ജനത, പ്രബലമായ പ്രതിപക്ഷം, സ്വതന്ത്രമായ നീതിന്യായ സംവിധാനം, നിഷ്പക്ഷമായ മാധ്യമങ്ങള്‍ എന്നിവയില്‍ ഏറ്റവും പ്രാധാന്യമേറിയതും ജനങ്ങള്‍ക്കു നീതി ഉറപ്പാക്കുന്നതുമായ ഒന്നാണ് ജുഡീഷ്യറി. പ്രസ്തുത സംവിധാനത്തിനകത്തുണ്ടാവുന്ന നിസ്സാര വീഴ്ചകള്‍ പോലും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്നതാണ്. നീതിനിര്‍വഹണ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരമോന്നത നീതിപീഠത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന അഹിതകരമായ ചില കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നെയാണു ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്.
സുപ്രിംകോടതിയിലെ ന്യായാധിപന്മാര്‍ തമ്മില്‍, പ്രത്യേകിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ തമ്മില്‍, നീതിനിര്‍വഹണത്തിന്റെ കാര്യത്തില്‍ അവശ്യം വേണ്ട വിശ്വാസ്യതയും ആശയവിനിമയവും പുലര്‍ത്തേണ്ടത് അനിവാര്യമായ സംഗതിയാണ്. ഇത്തരമൊരു അവസ്ഥ നഷ്ടമായാല്‍ പ്രശ്‌നപരിഹാരത്തിനായി ബദല്‍ സംവിധാനം നിര്‍ദേശിക്കാന്‍ ഭരണഘടന സര്‍ക്കാരിനോ പാര്‍ലമെന്റിനോ അധികാരം നല്‍കുന്നില്ല. സംശുദ്ധവും സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിര്‍വഹണം മുന്നില്‍ക്കണ്ട ഭരണഘടനാ ശില്‍പികള്‍ ഇത്തരമൊരു അവസ്ഥയെക്കുറിച്ച് ചിന്തിച്ചിരിക്കാനിടയില്ല.
മുതിര്‍ന്ന നാലു ന്യായാധിപന്മാര്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെ ശരിതെറ്റുകള്‍ക്കു പകരം ഇത്തരമൊരു സാഹചര്യം എങ്ങനെ സംജാതമായി എന്നു പരിശോധിക്കുന്നത് ഇത്തരുണത്തില്‍ അഭികാമ്യമായിരിക്കും. പ്രസ്തുത ദിശയിലൂടെ സഞ്ചരിച്ചാല്‍ കാലങ്ങളായി ജുഡീഷ്യറിയിലേക്ക് നടന്നുവരുന്ന നിയമനങ്ങളുടെ അര്‍ഹതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എത്രമാത്രം സുതാര്യവും നിഷ്പക്ഷവുമാണെന്ന വിഷയം ചര്‍ച്ചയ്ക്കു വിധേയമായിട്ടുള്ളതാണെന്നു കാണാം. രാഷ്ട്രീയവും ഭരണപരവും സാമുദായികവുമായ താല്‍പര്യങ്ങള്‍ മുതല്‍ ബന്ധുജന പ്രീണനം വരെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതു സംബന്ധിച്ച് പലപ്പോഴും നിയമനാധികാരിയായ ഇന്ത്യന്‍ പ്രസിഡന്റിനു വരെ പരാതികള്‍ ലഭിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കായുള്ള ഒരു സ്വതന്ത്ര ഏജന്‍സിയുടെ അഭാവവും അത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയും അനിവാര്യതയും പരിശോധിക്കപ്പെടേണ്ടതാണ്.
ഇന്ത്യാമഹാരാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമനത്തിനായി തിരഞ്ഞെടുക്കുന്നതും സുപ്രിംകോടതി ജഡ്ജിമാരെ നാമനിര്‍ദേശം ചെയ്യുന്നതും ഇതിനായി രൂപീകരിച്ചിട്ടുള്ള ജഡ്ജിമാര്‍ അടങ്ങുന്ന സമിതികളാണ്. കൊളീജിയം എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം സമിതികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ബന്ധപ്പെട്ടവര്‍ക്കു നിയമനം നല്‍കിവരുന്നത്. ഇത്തരം സമിതികള്‍ക്കു പകരം ദേശീയതലത്തില്‍ നാഷനല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിയിലൂടെ നിയമന കമ്മീഷന്‍ നിയമം രൂപീകരിച്ചെങ്കിലും പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ പ്രസ്തുത നിയമം സുപ്രിംകോടതി തള്ളുകയായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ന്യായാധിപന്മാരുടെ സേവന-വേതന ആനുകൂല്യങ്ങള്‍ സംബന്ധിച്ച ബില്ല് ചര്‍ച്ചയ്ക്കു വന്നപ്പോള്‍, നിയമമന്ത്രിയും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെട്ട ഒരു കമ്മിറ്റി ജുഡീഷ്യറിയിലേക്കുള്ള നിയമനത്തില്‍ ഭാഗഭാക്കാവുന്നതില്‍ എന്താണ് അപാകതയെന്ന് പല എംപിമാരും ചോദിക്കുകയുണ്ടായി. സുപ്രിംകോടതി തള്ളിക്കളഞ്ഞ പ്രസ്തുത നിയമം ഇനി ഒരിക്കല്‍ക്കൂടി നടപടിക്രമങ്ങള്‍ പാലിച്ചു പാസാക്കും വരെ കൊളീജിയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ന്യായാധിപ നിയമനം നടക്കൂ. കൊളീജിയമെന്നത് സീനിയറായ ഏതാനും ജഡ്ജിമാര്‍ മാത്രം സമ്മേളിക്കുന്ന ഒരു വേദിയാണ്. അതിന്റെ നടപടികള്‍ പരിശോധിക്കാനുള്ള ഒരു സംവിധാനവും രാജ്യത്തില്ല.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, 19 വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് പുനര്‍വായനയ്ക്കു വിധേയമാക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. 'നിയമത്തിലൂടെ വിപ്ലവം' എന്ന ആശയത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അന്നും ഇന്നും പ്രസക്തിയുണ്ടെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. മേല്‍പറഞ്ഞ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''ഇന്നത്തെ പോക്കു കണ്ടിട്ട്, നിയമത്തിലൂടെ വിപ്ലവം അസാധ്യമാണെന്നു തോന്നുന്നു. കാരണം, ജഡ്ജിമാര്‍ സാധാരണ ജനങ്ങളെ വീക്ഷിക്കുന്നില്ല. ദാരിദ്ര്യത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് അവര്‍. എന്നു മാത്രമല്ല, ഇന്നു കിട്ടുന്നതിന്റെ അഞ്ചിരട്ടി ശമ്പളം കിട്ടണമെന്നാണ് അവരുടെ ആവശ്യം. ഏതാണ്ട് കച്ചവടക്കാരുടെ മാര്‍ഗമാണ് അവര്‍ അംഗീകരിച്ചുകാണുന്നത്. ഇതു വലിയ കഷ്ടമാണ്. ഈ രാജ്യത്ത് പത്തു ലക്ഷം രൂപ വരുമാനം വേണം, അല്ലെങ്കില്‍ ഇരുപത് ലക്ഷം രൂപ വരുമാനം വേണമെന്നു വാദിക്കുന്ന ജഡ്ജിമാര്‍ ദരിദ്രകോടികള്‍ക്ക് നീതി ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആ നിലയ്ക്കാണു ഞാന്‍ പറയുന്നത്, കോടതികള്‍ ജനങ്ങളില്‍ വ്യാമോഹം സൃഷ്ടിക്കുന്നത് ശരിയല്ല. ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായം തന്നെ മാറ്റേണ്ടിയിരിക്കുന്നു. ഇന്നിപ്പോള്‍ വരുമാനമുള്ള വക്കീല്‍ ആരാണോ അയാളെ കൊണ്ടുപോയി ജഡ്ജിയാക്കുക എന്നതാണു നടക്കുന്നത്''’(നിയമസമീക്ഷ മാസിക, 99 മെയ് ലക്കം).
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി ഇന്നത്തെ ബിജെപി അധ്യക്ഷന്‍ വാഴുന്ന കാലത്താണ് സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടല്‍ക്കൊലകള്‍ വ്യാപകമായത്. സുഹ്‌റബുദ്ദീന്‍ ശെയ്ഖ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായിരുന്നു അമിത് ഷാ. ആ കേസ് കൈകാര്യം ചെയ്യുന്ന സിബിഐ ജഡ്ജി ബി എച്ച് ലോയയാണ് നിഗൂഢ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ മടിച്ചതായിരുന്നു കുറ്റം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറായ നാലു ജഡ്ജിമാര്‍ അതിനെപ്പറ്റിയാണു പറയാതെ പറഞ്ഞത്.
കൂടാതെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ 37 വര്‍ഷം മുമ്പ് മറ്റൊരു പ്രവചനവും നടത്തിയിരുന്നു: ''തിലക് മാര്‍ഗിലുള്ള ഈ ചുവന്ന കെട്ടിടം (സുപ്രിംകോടതി മന്ദിരം) തകര്‍ന്നുവീഴും; അല്ലെങ്കില്‍ ജനം അതു തകര്‍ക്കും.''‘
Next Story

RELATED STORIES

Share it