തിര. കമ്മീഷനെതിരേ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമ്പൂര്‍ണ സ്വയംഭരണാവകാശം നല്‍കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍. പൂര്‍ണ സ്വയംഭരണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഇതിനെതിരേ ശക്തമായ നിലപാട് എടുത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന് സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഫെബ്രുവരി 19ന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ നേരത്തെ കോടതി അറ്റോണി ജനറലിന്റെ അഭിപ്രായം തേടിയിരുന്നു. അതനുസരിച്ച് അന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ എജി കെ കെ വേണുഗോപാല്‍ വിഷയത്തില്‍ തനിക്ക് വ്യത്യസ്താഭിപ്രായമുണ്ടെന്നും അതുകൊണ്ട് ആദ്യം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആവശ്യപ്പെടണമെന്നും അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഈ വാദം കേള്‍ക്കല്‍ തന്നെ അയോഗ്യമാണെന്നും ഇത് പൊതുതാല്‍പര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ ഹരജിക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങളെയും ലോക്‌സഭയെയും പോലെ തിരഞ്ഞെടുപ്പ് കമ്മീഷനും സെക്രട്ടേറിയറ്റ് വേണമെന്ന് കമ്മീഷന്‍ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിനെ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സംസ്ഥാനങ്ങളോടും ലോക്‌സഭയോടും താരതമ്യം ചെയ്യാനാവില്ലെന്നും സംസ്ഥാനങ്ങളും ലോക്‌സഭയും നിയമനിര്‍മാണ സഭയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനും പുതിയ ചട്ടക്കൂട് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷന് സമ്പൂര്‍ണ സ്വയംഭരണാധികാരം നല്‍കണമെന്ന് കാണിച്ച് ബിജെപി നേതാവ് അശ്വിന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയും ഈ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it