malappuram local

തിരൂര്‍ സ്‌റ്റേഡിയം നശിക്കുന്നു; ജീവജല സമരവുമായി എംഎല്‍എ

തിരൂര്‍: രാഷ്ട്രീയ പകപോക്കലില്‍ തിരൂര്‍ നഗരസഭാ മുനിസിപ്പല്‍ സ്‌റ്റേഡിയം നശിക്കുന്നു. പരിചരണമില്ലാത്തതിനാല്‍ പുല്ലു വിരിച്ച സ്‌റ്റേഡിയം പുല്ലു പോലും കരിഞ്ഞുണങ്ങിയാണ് നശിക്കുന്നത്. സ്‌റ്റേഡിയത്തിലെ പുല്ലുകരിഞ്ഞുണങ്ങിയത് ചുമതലക്കാരായ നഗരസഭയുടെ അനാസ്ഥയാണെന്ന് കാണിച്ച് എംഎല്‍എ സി മമ്മുട്ടിയുടെ നേതൃത്വത്തില്‍ 14ന് വൈകീട്ട് നാലിന് പുല്ലിന് വെള്ളം നല്‍കിയുള്ള ജീവജല സമരവുമായി രംഗത്തു വന്നിരിക്കുകയാണ്. രാഷ്ട്രീയ കക്ഷിഭേദമന്യേ കായിക പ്രേമികളെ അണിനിരത്തിയായിരിക്കും സമരമെന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ 50 കോടി ചെലവില്‍ വിപുലമായ സ്‌റ്റേഡിയം എന്ന് കാണിച്ച് ഉള്ള സൗകര്യം നശിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. വികസന കാര്യങ്ങളില്‍ ആരും രാഷ്ട്രീയം കാണരുത്. അരികിലൂടെ പുഴയൊഴുകുന്ന സ്‌റ്റേഡിയത്തിലേക്ക് ഒരു പൈപ്പിട്ട് നനച്ചിരുന്നുവെങ്കില്‍ ഈ ദുരവസ്ഥ വരില്ലായിരുന്നു. നഗരസഭയ്ക്ക് സ്‌റ്റേഡിയം പരിചരിക്കാനാവില്ലെങ്കില്‍ കായിക പ്രേമികളായ സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കാന്‍ തയ്യാറുണ്ട് എംഎല്‍എ പറഞ്ഞു.  സി മമ്മുട്ടി എംഎല്‍എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തിരൂരിലെ സ്‌റ്റേഡിയം ഇപ്പോഴുള്ള സ്ഥിതിയി ല്‍ വികസിപ്പിച്ചത്. അതു സംബന്ധിച്ച് യുഡിഎഫും എല്‍ ഡിഎഫും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. അതിനിടയില്‍ നഗര ഭരണമാറ്റം പോരിന് ശക്തി കൂട്ടി. അന്നത്തെ മുഖ്യമന്ത്രി പങ്കെടുത്ത സ്‌റ്റേഡിയം ഉല്‍ഘാടന ചടങ്ങില്‍ പോലും നഗരസഭാ ചെയര്‍മാനും എല്‍ഡിഎഫും പങ്കെടുത്തിരുന്നില്ല. തുടര്‍ന്നങ്ങോട് പ്രവര്‍ത്തിയില്‍ ക്രമക്കേട് കാണിച്ച് ഇടതുപക്ഷം രംഗത്ത് വരികയും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണ സംഘം സ്‌റ്റേഡിയം പരിശോധിക്കുകയും ചെയ്തിരുന്നു.അതോടെ രാഷ്ട്രീയ പകപോക്കലിന് സ്‌റ്റേഡിയം വിധേയമാവുകയായിരുന്നു. അതാണ് സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്. പൊതുഫണ്ട് നഷ്ടപ്പെടുത്തുന്നത് വലിയ ചര്‍ച്ചക്ക് കളമൊരുക്കിയെങ്കിലും നിയമ നടപടികളുണ്ടാവില്ലെന്ന വിശ്വാസമാണ് ഭരണകര്‍ത്താക്കളുടെ ദുരഭിമാനത്തിന് ബലമേകുന്നത്.
Next Story

RELATED STORIES

Share it