malappuram local

തിരൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂര്‍: തിരൂരിലെ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ അനുവദിച്ചു. ഇന്നത്തെ തിരുവനന്തപുരത്ത് താനൂര്‍ എം എല്‍ എ വി അബ്ദുറഹിമാന്റെ സാന്നിധ്യത്തില്‍ തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ ബാവ കായിക മന്ത്രി എ സി മുയ്തീനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ചെയര്‍മാനെ അറിയിച്ചത്.
നഗരസഭാ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, കൗണ്‍സിലര്‍ ഇസ്ഹാഖ് മുഹമ്മദലി എന്നിവരും ചെയര്‍മാനെ അനുഗമിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായി അടുത്തയാഴ്ച കായിക വകുപ്പ് സെക്രട്ടറി മോഹന്‍കുമാര്‍ സ്‌റ്റേഡിയം സന്ദര്‍ശിക്കും.
60 കോടി ചെലവിലാണ് സ്‌റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കിഫ്ബിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിനായി രണ്ടു മാസം മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്‌റ്റേഡിയം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
സി മമ്മുട്ടി എംഎല്‍എ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് തിരൂരിലെ സ്‌റ്റേഡിയം ഇപ്പോഴുള്ള സ്ഥിതിയില്‍ വികസിപ്പിച്ചത്. അതു സംബന്ധിച്ച് യുഡിഎഫും എല്‍ഡി എഫും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. അതിനിടയില്‍ നഗര ഭരണമാറ്റം പോരിന് ശക്തി കൂട്ടി. അന്നത്തെ മുഖ്യമന്ത്രി പങ്കെടുത്ത സ്‌റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പോലും നഗരസഭാ ചെയര്‍മാനും എല്‍ഡിഎഫും പങ്കെടുത്തിരുന്നില്ല. തുടര്‍ന്നങ്ങോട് പ്രവര്‍ത്തിയില്‍ ക്രമക്കേട് കാണിച്ച് ഇടതുപക്ഷം രംഗത്ത് വരികയും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണ സംഘം സ്‌റ്റേഡിയം പരിശോധിക്കുകയും ചെയ്തിരുന്നു.
പരിചരണമില്ലാത്തതിനാല്‍ പുല്ലു വിരിച്ച സ്‌റ്റേഡിയം പുല്ലു പോലും കരിഞ്ഞുണങ്ങി നശിച്ചിരുന്നു.സ്‌റ്റേഡിയത്തിലെ പുല്ലുകരിഞ്ഞുണങ്ങിയത് ചുമതലക്കാരായ നഗരസഭയുടെ അനാസ്ഥയാണെന്ന് കാണിച്ച് എംഎല്‍എ സി മമ്മുട്ടി പുല്ലിന് വെള്ളം നല്‍കിയുള്ള ജീവജല സമരവുമായി രംഗത്തു വന്നിരുന്നു.അന്താരാഷ്ട്ര നിലവാരമുള്ള വന്‍ സ്‌റ്റേഡിയമാണ് തിരൂരിന് ആവശ്യമെന്ന നിലപാടിലായിരുന്നു നഗരസഭാ ഭരണപക്ഷം.
ഈ വിവാദങ്ങള്‍ക്കിടെ അറ്റുകുറ്റപ്പണികള്‍ക്കായി നഗരസഭ അധികൃതര്‍ സ്‌റ്റേഡിയം അടച്ചിടുകയും പുല്ലു നനച്ച് സ്‌റ്റേഡിയം പരിചരിച്ചു. കെപിഎല്‍ ഫുട്ബാളിന് തുറന്നു കൊടുത്തു. വിവാദങ്ങള്‍ക്കിടെയാണ് സ്‌റ്റേഡിയത്തിന് നഗര ഭരണ പക്ഷം പ്രഖ്യാപിച്ച പ്രവൃത്തി തുടങ്ങുന്നത്.


Next Story

RELATED STORIES

Share it