malappuram local

തിരൂര്‍ വെറ്റിലയ്ക്ക് ഉശിര് കുറയുന്നു

തിരൂര്‍: തിരൂര്‍ വെറ്റിലയ്ക്ക് കീര്‍ത്തിയും പ്രിയവും ഏറെയാണ്. എന്നാല്‍, ആ കീര്‍ത്തിക്ക് ഇപ്പോള്‍ ഉശിര് കുറയുകയാണ്. തിരൂരിന്റെ ചരിത്ര സാംസ്‌കാരിക പ്രാധാന്യത്തിനൊപ്പം വാണിജ്യത്തിനും വെറ്റില കൃഷിക്കും വലിയ പ്രാധാന്യമുണ്ട്.
തിരൂര്‍ വെറ്റിലയുടെ ഗുണമേന്‍മ ഇതരദേശത്തു നിന്നുള്ള ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. തിരൂര്‍ വെറ്റിലയുടെ എരിവാണ് പാക്കിസ്ഥാനിലേയും ഉത്തരേന്ത്യയിലേയും ജനങ്ങള്‍ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാക്കിയത്. വെറ്റില വ്യാപാരത്തില്‍ വടക്കെ ഇന്ത്യ പോലും ആദരിച്ച മുഹമ്മദലി സാഹിബിന്റെ പിന്‍മുറക്കാര്‍ക്കാണ് ഇപ്പോഴും തിരൂരിലെ പാന്‍ബസാറെന്ന വാണിജ്യകേന്ദ്രത്തിലെ പ്രമുഖ സ്ഥാനം. 15 വര്‍ഷം മുമ്പ് പാന്‍ ബസാറില്‍ എണ്‍പതോളം വെറ്റില കയറ്റുമതി സ്ഥാപനങ്ങളുണ്ടായിരുന്നു. പാക്കിസ്ഥാനുമായുള്ള ബന്ധത്തിലെ ഉലച്ചിലുകളും അതിര്‍ത്തിയിലെ അസ്വാരസ്യങ്ങളും കാരണം പാക്കിസ്ഥാനിലേക്കുള്ള വെറ്റില കയറ്റുമതി അടുത്ത കാലത്തായി ഗണ്യമായി കുറഞ്ഞു. അതോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വന്നു. ഇരുപതില്‍ താഴെ വെറ്റില വ്യാപാരികളാണ് ഇപ്പോള്‍ തിരൂരിലുള്ളത്. വെറ്റിലക്കൃഷി ഉപജീവനമാക്കിയ നൂറുക്കണക്കിന് കുടുബങ്ങള്‍ തിരൂരിലുണ്ട്. തിരൂര്‍ മുനിസിപ്പാലിറ്റി, തലക്കാട്, വളവന്നൂര്‍, തിരുനാവായ, കല്‍പ്പകഞ്ചേരി, താനാളൂര്‍, ആതവനാട്, പൊന്‍ മുണ്ടം, ചെറിയമുണ്ടം, കോഡൂര്‍, എടരിക്കോട്, കുറ്റിപ്പുറം പഞ്ചായത്തുകളിലും വെറ്റില കൃഷി വ്യാപകമാണ്. വെറ്റില കെട്ടുകളാക്കി തിരൂരിലെ പാന്‍ബസാറിലെത്തിച്ച് തരം തിരിച്ച് ട്രെയിനിലും വിമാനത്തിലുമായി കയറ്റി അയക്കുകയായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളിലേക്കും തിരൂര്‍ വെറ്റില എത്തുന്നുണ്ട്.  നേരത്തെ നൂറ് എണ്ണമുള്ള ഒരു കെട്ടിന് നൂറ് രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന മുന്തിയ ഇനം വെറ്റിലയ്ക്ക് ഇപ്പോള്‍ 35 രൂപയ്ക്കു താഴെയാണു ലഭിക്കുക.
കയറ്റുമതി നിലച്ചതോടെ പ്രാദേശിക വിപണിയും കൂപ്പുകുത്തി. അതോടെ വെറ്റിലയ്ക്ക് ആവശ്യക്കാരില്ലാതെ കര്‍ഷകര്‍ വലയുകയാണ്. ദിവസേനയെന്നോണം നനച്ചു വളര്‍ത്തേണ്ട കൃഷിയിനമാണ് വെറ്റില. വെള്ളത്തിന്റെ കുറവും ജൈവവളങ്ങളുടെ വില വര്‍ധനയും വര്‍ധിച്ച കൂലിച്ചെലവും മൂലം പ്രയാസപ്പെടുമ്പോഴാണ് വിപണിയിലെ തകര്‍ച്ചയും ഈ കൃഷിയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it