kannur local

തിരൂര്‍-മട്ടന്നൂര്‍ റോഡ്; ഇരിക്കൂറില്‍ സ്ഥലനിര്‍ണയമായി

ഇരിക്കൂര്‍: മലയോര മേഖലയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള തിരൂര്‍-ബ്ലാത്തൂര്‍ ഇരിക്കൂര്‍-മട്ടന്നൂര്‍ റോഡിന്റെ വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യുന്നതിന്റെ  സ്ഥലനിര്‍ണയം ഇരിക്കൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായി.
പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും സ്ഥലമെടുപ്പ് നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇരിക്കൂര്‍ പഞ്ചായത്തിലെ സിദ്ദീഖ് നഗര്‍, ബദരിയ്യ ജങ്ഷന്‍, കല്യാട് റോഡ് ജങ്ഷനുകളില്‍ 10 മീറ്റര്‍ വീതിയാക്കിയുള്ള സ്ഥലമെടുപ്പാണ് പൂര്‍ത്തിയായത്. ഈ ഭാഗങ്ങളില്‍ ചില വീടുകളുടെ മുറ്റവും വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗവും റോഡിനായി പോവും.
നേരത്തെ അനുവദിച്ച സ്ഥലങ്ങളില്‍ പലയിടത്തും സ്വകാര്യ വ്യക്തികള്‍ കൈയേറിയത് മാത്രമാണ് ഇപ്പോള്‍ തിരിച്ചെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്ഥലം നിര്‍ണയിച്ച് കുറ്റിയടിച്ചതോടെ ഇരിക്കൂര്‍ പഞ്ചായത്തിലെ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള റോഡ് വികസിപ്പിച്ച് മെക്കാഡം ടാറിങ് ചെയ്യുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി. വീതികൂട്ടല്‍ ഉടന്‍ തുടങ്ങും.
18 കിലോമീറ്റര്‍ ദൂരമുള്ള റോഡ് വീതികൂട്ടി വികസിപ്പിച്ച് മെക്കാഡം ടാറിങ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടി രൂപയാണ് അനവദിച്ചത്. പത്തിലധികം സ്ഥലങ്ങളില്‍ കലുങ്കുകളും ഓവുചാലുകളും നിര്‍മിക്കും. 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് കരാര്‍ കമ്പനിക്ക് അനുവദിച്ച സമയം.
ഇരിക്കൂര്‍ പഞ്ചായത്തില്‍ സ്ഥലമെടുപ്പിനും കുറ്റിയടിച്ച് മാര്‍ക്ക് ചെയ്യുന്നതിനും നാഷനല്‍ ഹൈവേ ഓവര്‍സിയര്‍ ജോസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ്് കെ ടി നസീര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് അംഗം സി രാജീവന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി അനസ്, പഞ്ചായത്തംഗം കെ ആര്‍ അശ്‌റഫ്, മഹല്ല് പ്രസിഡന്റ് കെ അബ്ദുസ്സലാം ഹാജി  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it