malappuram local

തിരൂര്‍ പുഴയാണ് തിരൂരിന്റെ സംസ്‌കാരം

ഇ  പി  അഷ്‌റഫ്

നാഗരികതകള്‍ ഉയര്‍ന്നു വന്നതു നദീതടങ്ങളില്‍ നിന്നാണ്. ലോകത്തിലെ മനോഹരങ്ങളായ നഗരങ്ങളെല്ലാം നദികളാലോ പുഴകളാലോ സുന്ദരമാക്കപ്പെട്ടവയുമാണ്. തിരൂരിനെയും ഒരു കാലത്ത് സുന്ദരവും സമ്പന്നവുമാക്കിയിരുന്നത് പുഴയുടെ സാനിധ്യം തന്നെയാണ്. സാംസ്‌കാരിക അടിത്തറയായിരുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ അഭിവൃദ്ധിയും വളര്‍ച്ചയും നിലനില്‍പ്പും തിരൂര്‍ പുഴയെ ആശ്രയിച്ചായിരുന്നു.
ഭാരതപ്പുഴക്കും പൂരപ്പുഴക്കും ഇടക്കായി വിസ്തൃതമായി കിടക്കുന്ന വെട്ടത്തുനാട്. ഈ പ്രദേശത്തിന്റെ മധ്യഭാഗത്തു കൂടിയാണു തിരൂര്‍ പുഴ ഒഴുകുന്നത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് തന്നെ വെട്ടത്തു രാജാക്കന്മാര്‍ വിദേശ രാജ്യങ്ങളുമായി രാഷ്ട്രീയ വാണിജ്യ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. അറബ്, ചീന, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് രാജ്യങ്ങളുമായി വാണിജ്യ ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ വിദേശ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തിരൂരിന്റെ വിപണിയെ സ്വാധീനിച്ചിരുന്നു.ജലഗതാഗതമായിരുന്നു ആദ്യ സഞ്ചാര മാര്‍ഗം. ചരക്കുകളും യാത്രകളും വഞ്ചിമാര്‍ഗമായിരുന്നു.മലപ്പുറം ജില്ലയിലെ ആദ്യ റെയില്‍വേ ലൈനായ ഫറോക്ക്  തിരൂര്‍ റെയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ കാരണമായതും ബ്രിട്ടീഷുകാരെ അതിനു പ്രേരിപ്പിച്ചതും തിരൂര്‍ പുഴ വഴിയുള്ള ചരക്കുഗതാഗതത്തിനായിരുന്നു. ബ്രിട്ടീഷ് കാലത്ത് പ്രധാന വാണിജ്യ കേന്ദ്രവും തുറമുഖവും ഫറോക്കായിരുന്നു. നിലമ്പൂരില്‍ നിന്നും ചാലിയാര്‍ വഴി ഫറോക്കിലെത്തിയിരുന്ന മരത്തടികള്‍ റെയില്‍ മാര്‍ഗം തിരൂരിലെത്തിച്ച് തിരൂര്‍ പുഴ വഴിയായിരുന്നു പൊന്നാനിയില്‍ എത്തിച്ചിരുന്നത്.അക്കാലത്ത് നിരവധി വഞ്ചികളും തോണികളും ചങ്ങാടങ്ങളുമാണ് ഇടതടവില്ലാതെ തിരൂര്‍ പുഴയില്‍ ഒഴുകി നടന്നത്.  കോഴിക്കോട് കലക്ടറായിരുന്ന സായിപ്പ് മലബാറിലെ നദികളെ ബന്ധിപ്പിച്ച് ഒരു ജലാഗത മാര്‍ഗം തുറക്കാന്‍ തീര്‍ച്ചപ്പെടുത്തി. തുടര്‍ന്ന് ഏലത്തൂര്‍ പുഴയെ കല്ലായിപ്പുഴയോടും കല്ലായിപ്പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് മറ്റു മേഖലകളിലും നദികളെ ബന്ധിപ്പിച്ചു ജലഗതാഗത സൗകര്യങ്ങളെ  മെച്ചപ്പെടുത്തി. വെട്ടത്തു നാടിന്റെ കുടിവെള്ള സ്രോതസ്സായിരുന്നു തിരൂര്‍ പുഴ. കുടിവെള്ളത്തിനും കൃഷിക്കും ആശ്രയം തിരൂര്‍ പുഴ തന്നെയായിരുന്നു. തിരുനാവായയിലെ വാലില്ലാ പുഴ മുതല്‍ പടിഞ്ഞാറേക്കര അഴിമുഖം വരെ നിലനിന്നുപോന്ന കാര്‍ഷികവൃത്തിക്കും ജലസേചനത്തിനും തിരൂര്‍പുഴയായിരുന്നു പ്രധാന ആശ്രയം.തിരൂര്‍ പുഴയിലെ മല്‍സ്യം പിടിച്ചും വിറ്റും ജീവിതമാര്‍ഗം കണ്ടെത്തി വലിയൊരു വിഭാഗം കഴിഞ്ഞിരുന്നു.
നഗരങ്ങളും റോഡ് മാര്‍ഗമുള്ള ഗതാഗതവും വികാസം പ്രാപിച്ചതോടെയാണു മനുഷ്യര്‍ പുഴകളെ മറക്കാനും നശിപ്പിക്കാനും തുടങ്ങിയത്.നഗരങ്ങളിലെയും ഫാക്ടറികളിലെയും മാലിന്യങ്ങള്‍ വിക്ഷേപിക്കാനുള്ള ഇടമായി ജനങ്ങള്‍ പുഴകളെ തിരെഞ്ഞെടുത്തു.അതോടെ സാംസ്‌കാരത്തിന് അസ്ഥിവാരമിട്ട പുഴകള്‍ നശിച്ചു തുടങ്ങിയത്. മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്‍മഭൂമിയായ തിരൂര്‍, ജില്ലയുടെ സാംസ്‌കാരിക കേന്ദ്രമാണ്. തിരൂര്‍ പുഴയുമായി ബന്ധപ്പെട്ടതാണു തിരൂരിന്റെ സംസ്‌കാരം. ഈ സമ്പല്‍ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുന്നതാണു തിരൂര്‍ പുഴക്ക് ഇപ്പോഴുണ്ടായ അവസ്ഥ.
Next Story

RELATED STORIES

Share it