malappuram local

തിരൂര്‍ തീരദേശ അക്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

തിരൂര്‍: തീരദേശത്ത് നടന്ന വിവിധ അക്രമസംഭവങ്ങളില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. വ്യക്തികളെ ആക്രമിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത കേസിലാണ് അഞ്ചുപേര്‍ പിടിയിലായത്. കൂട്ടായി സ്വദേശികളായ അസ്സനാരു പുരക്കല്‍ ഖൈസ് (35), കുട്ട്യാലിക്കടവത്ത് അര്‍ഷാദ് (23), ആണ്ടിപ്പടി വീട്ടില്‍ തഫ്‌സീര്‍ (22), മാക്കാളന്റെ പുരക്കല്‍ നൗഫല്‍ (28), മൂസാന്റെ പുരക്കല്‍ നസീബ് (21) എന്നിവരാണ് അറസ്റ്റിലായത്. കൂട്ടായി അരയന്‍കടപ്പുറം സ്വദേശിയും മുസ്്‌ലിംലീഗ് പ്രവര്‍ത്തകനായ റഹീസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മൂന്നാം പ്രതിയാണ് അസനാരുപുരക്കല്‍ ഖൈസ്. മറ്റുള്ളവര്‍ വീടാക്രമണക്കേസിലെ പ്രതികളാണ്.
കൊലപാതക ശ്രമക്കേസില്‍ അറസ്റ്റിലായ ഖൈസിന്റെ പേരില്‍ 10 കേസുകള്‍ നിലവിലുണ്ട്. മറ്റ് നാലു പ്രതികള്‍ക്കെതിരേ വീടാക്രമണം, ഭവനഭേദനം, കൊള്ളയടിക്കല്‍ തുടങ്ങിയ വകുപ്പുകളിലായി ഒന്‍പത് വീതം കേസുകളുമുണ്ടെന്ന് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു. കൂട്ടായി ജാറം പരിസരത്തുനിന്ന് ഞായറാഴ്ച രാത്രിയിലാണ് അഞ്ചു പ്രതികളെയും പിടികൂടിയതെന്നും ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും എസ്‌ഐ പറഞ്ഞു. കസ്റ്റഡിയിലായ കൊലപാതകശ്രമക്കേസിലെ പ്രതി ഖൈസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും എസ്‌ഐ വ്യക്തമാക്കി. കേസില്‍ അഞ്ചുപേര്‍ കൂടി പിടിയിലായതോടെ റമദാന്‍ തുടങ്ങിയതിനുശേഷം തീരദേശത്തുണ്ടായ അക്രമസംഭവങ്ങളില്‍ ആറ് സിപിഎം പ്രവര്‍ത്തകരും അഞ്ച് മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും അടക്കം ആകെ 11 പ്രതികളാണ് അറസ്റ്റിലായത്. തീരദേശ അക്രമക്കേസുകളില്‍ ഇനിയും പ്രതികള്‍ പിടിയിലാവാനുണ്ടെന്നും ശക്തമായ പരിശോധനയും നടപടിയും തുടരുമെന്നും എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it