malappuram local

തിരൂരില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദനം: ഓട്ടോ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

തിരൂര്‍: തിരൂരില്‍ മാധ്യമ പ്രവര്‍ത്തകന് മര്‍ദനമേറ്റു. പ്രാദേശിക ചാനല്‍ കാമറാമാന്‍ മുഹമ്മദ് ഷബീറിനെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചത്.
സംഭവത്തെ തുടര്‍ന്ന് രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സഹപ്രവര്‍ത്തകന്‍ ദില്‍ഷാദ് കുറ്റൂരിനൊപ്പം പയ്യനങ്ങാടിയില്‍ വാര്‍ത്ത ശേഖരിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെ തിരൂര്‍  ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷക്ക് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് കുറുകെയിടുകയും അക്കാര്യത്തില്‍  സംസാരിച്ചുകൊണ്ടു നില്‍ക്കെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ വന്ന് ഷബീറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. പരുക്കേറ്റ ഷബീറിനെ തിരൂര്‍ ജില്ലാ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി സംഘടനാ നേതാക്കള്‍ ഷബീറിനെ സന്ദര്‍ശിച്ചു. സിപിഎം തിരൂര്‍ ഏരിയാ സെക്രട്ടറി അഡ്വ: പി ഹംസക്കുട്ടി, മുസ്്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എ കെ സൈതാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല, ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ്കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, വൈഎംസിഎ പ്രതിനിധി മനോജ് ജോസ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ ബാവ, യൂത്ത് ലീഗ് നേതാവ് കെ കെ റിയാസ് തുടങ്ങിയവരാണ് ആശുപത്രിയിലെത്തിയത്. സംഭവത്തില്‍ തിരൂര്‍ പ്രസ് ക്ലബ് പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി പി കെ രതീഷ്, പ്രസിഡന്റ് പ്രദീപ് പയ്യോളി എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it