തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു

തിരൂര്‍: തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു. മല്‍സ്യ മാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളി നിറമരുതൂര്‍ കാളാട് പത്തംപാട് ചുക്കാന്‍ പറമ്പി ല്‍ സെയ്തലവി(62)യാണ് തലയ്ക്ക് കല്ലുകൊണ്ടുള്ള അടിയേറ്റു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയില്‍ കിടന്നതായിരുന്നു. ഉറങ്ങുന്നതിനിടെ വലിയ കല്ല് തലയ്ക്കിട്ടതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
പുലര്‍ച്ചെ ജോലിക്കെത്തിയ മറ്റു തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം തിരൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊല്ലപ്പെട്ട സെയ്തലവിയുടെ മൃതദേഹത്തിനരികില്‍ നിന്നു കണ്ടെടുത്ത വലിയ കരിങ്കല്ലും പരിസരവും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. മലപ്പുറത്തു നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിച്ചുവരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ കൃത്യം നടന്ന സമയത്ത് കല്ലുമായി ഒരാള്‍ നടന്നുപോകുന്നതും വരുന്നതും കാണാനായിട്ടുണ്ട്. സാഹചര്യത്തെളിവുകള്‍ അനുകൂലമാണെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വന്നാലേ കുറ്റകൃത്യത്തിനു പിന്നില്‍ ഇയാളാണോയെന്നു സ്ഥിരീകരിക്കാനാവൂ. അതിനു ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയൂ എന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും തിരൂര്‍ എസ്‌ഐ സുമേഷ് സുധാകര്‍ അറിയിച്ചു. കവിളിലും ചെവിക്കുറ്റിയിലും തലയിലുമായി മൂന്ന് ഇടിയേറ്റിട്ടുണ്ട്. ഏകദേശം 20 കിലോയോളം തൂക്കം വരുന്ന കല്ലാണ് ഇടിക്കാന്‍ ഉപയോഗിച്ചത്. ഇടിയുടെ ആഘാതത്തില്‍ തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു കണ്ടിരുന്ന ആളായിരിക്കാം കൊലയ്ക്കു പിന്നിലെന്നാണ് പോലിസിന്റെ സംശയം. പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുകയാണ്. മാനസിക തകരാറുള്ള ആളായതിനാല്‍ ചോദ്യംചെയ്യാന്‍ പോലിസിനും കഴിയുന്നില്ല. അതിനായി പോലിസ് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സംസാരിക്കാന്‍ തയ്യാറാവാത്തതും ഇടയ്ക്ക് ഹിന്ദിച്ചുവയുള്ള സംസാരവും അന്വേഷണത്തിനു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരനായ ഇയാള്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം മാര്‍ക്കറ്റിലെ വിശ്രമമുറിയില്‍ ഇയാള്‍ കിടക്കാന്‍ വന്നിരുന്നു. അന്നേരം സെയ്തലവിയും ഇയാളും തമ്മില്‍ വാക്കേറ്റമുണ്ടായതായും ഈ വൈരാഗ്യമാണോ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മാര്‍ക്കറ്റിലെ എസ്ടിയു തൊഴിലാളിയായ സെയ്തലവി തിരൂര്‍ മല്‍സ്യ മാര്‍ക്കറ്റിലെ ടിടിഎസ് കമ്പനിയിലെ സ്ഥിരം ജോലിക്കാരനാണ്. ആസിയയാണ് കൊല്ലപ്പെട്ട സെയ്തലവിയുടെ ഭാര്യ. മക്കള്‍ റഫീഖ് (എസ്ടിയു തൊഴിലാളി, തിരൂര്‍ മാര്‍ക്കറ്റ്), ശരീഫ്, ഹഫ്‌സത്ത്, മരുമകന്‍ അഷ്‌റഫ്.
Next Story

RELATED STORIES

Share it