malappuram local

തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കണം: പി കെ അബ്ദുറബ്ബ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രി  ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി നവീകരണ പ്രവൃത്തനങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തന്നെ ഏറ്റവും നല്ല സൗകര്യങ്ങളുള്ള താലൂക്ക് ആശുപത്രികളിലൊന്നാണ് തിരൂരങ്ങാടിയിയിലേത്. ജില്ലയിലേക്ക് അനുവദിക്കപ്പെട്ട നെഫ്രോളജി യൂനിറ്റ്, ജില്ലാ വൈകല്യമുക്തി കേന്ദ്രം, ഡി അഡിക്ഷന്‍ സെന്റര്‍, മികച്ച ഓപ്പറേഷന്‍ തിയറ്റര്‍, ഡയാലിസിസ് സെന്റര്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ആശുപത്രിക്കുണ്ട്. ഇനിയും നിരവധി കെട്ടിടങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റു സൗകര്യങ്ങള്‍ക്കും പണം വകയിരുത്തിയിട്ടുണ്ട്. ആശുപത്രിയെ മെഡിക്കല്‍ കോളജാക്കുന്നതിനുള്ള സ്ഥല സൗകര്യവുമുണ്ട്. അത് കൊണ്ട് തന്നെ ജില്ലാ ആശുപത്രിയാക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടാകണമെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും എംഎല്‍എ പറഞ്ഞു. പി കെ അബ്ദുറബ്ബ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചിലവിട്ടാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ മോര്‍ച്ചറിയൊരുക്കുന്നത്.പത്ത് മൃതദേഹങ്ങള്‍ വെക്കുന്നതിനുള്ള സൗകര്യമുണ്ടാകും.നാല് ഫ്രീസര്‍ സൗകര്യവും, കുളിപ്പിക്കുന്നതിനുള്ള റൂമിന്റെ നവീകരണവും, ഡോക്‌ടേഴ്‌സ് റീഡിങ് റൂമും പോലിസ് വെയിറ്റിങ് റൂമുമടങ്ങുന്നതാവും പുതിയ കെട്ടിടം. മോര്‍ച്ചറിയുടെ പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെയും പുതിയ ഡയാലിസിസ് യൂനിറ്റിന്റെയും ഉദ്ഘാടനം ഉടനുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, കൗണ്‍സിലര്‍ കക്കടവത്ത് റംല, ഉള്ളാട്ട് അഹമ്മദ് കോയ, ടി കെ നാസര്‍, സി പി ഗുഹരാജ്, ശശീധരന്‍ പന്നശ്ശേരി എന്നിവരും എംഎല്‍എക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it