തിരുവേപ്പതി മില്ലും അക്കാദമിയും

കെ  സുരേന്ദ്രന്‍
1965 മുതല്‍ 1998 വരെ കണ്ണൂര്‍ ബര്‍ണശ്ശേരി എന്ന സ്ഥലത്തു പ്രവര്‍ത്തിച്ചുവന്ന ടെക്‌സ്റ്റൈല്‍ മില്ല് ഇന്നു നായനാര്‍ അക്കാദമിയായി മാറിയിരിക്കുകയാണ്. 33 വര്‍ഷം 600ല്‍പരം തൊഴിലാളികള്‍ ജോലി ചെയ്തു വന്ന ഒരു വന്‍കിട വ്യവസായ സ്ഥാപനത്തെ ഇല്ലാതാക്കി നായനാര്‍ അക്കാദമി സ്ഥാപിച്ച സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രവൃത്തി തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന ആശയത്തില്‍ നിന്ന് കുത്തകമുതലാളിത്ത സര്‍വാധിപത്യം എന്ന ആശയത്തിലേക്കുള്ള കുതിച്ചുകയറ്റമാണെന്ന് പറയാതെ വയ്യ. സിപിഎം ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനമാണെന്നാണ് അവര്‍ അവകാശപ്പെടുന്നതെങ്കില്‍ എത്ര കടുത്ത തൊഴിലാളി വഞ്ചനയാണ് അവര്‍ ചെയ്തതെന്നു പരിശോധിക്കണം.
1834നും 1914നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന ബാസല്‍ മിഷന്‍ സൊസൈറ്റി മലബാറിലും ദക്ഷിണ കാനറയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനു വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മലബാറില്‍ കണ്ണൂര്‍, തലശ്ശേരി, ചോമ്പാല, കോഴിക്കോട് എന്നിവിടങ്ങളില്‍ നെയ്ത്ത്, ഓട്, ബുക്ക് ബൈന്‍ഡിങ്, മെഷിനറി എന്നിങ്ങനെയുള്ള വ്യവസായങ്ങള്‍ ആരംഭിച്ചത്. 1841ലാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് കോമണ്‍വെല്‍ത്ത് വീവിങ് ഫാക്ടറി ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ജര്‍മന്‍കാരുടെ മിഷന്‍ ഷാപ്പ് എന്ന പേരിലാണ് ഈ വ്യവസായ സ്ഥാപനം അറിയപ്പെട്ടത്. ഈ പ്രദേശം കന്റോണ്‍മെന്റിന് കീഴിലായിരുന്നു. മിഷന്‍ ഷാപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രസ്തുത ദേശം ബര്‍ണശ്ശേരി എന്നായി അറിയപ്പെട്ടു. ജര്‍മനിയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സായ്പന്മാരും മദാമ്മമാരും ബര്‍ണശ്ശേരിയില്‍ വന്നതോടെ പ്രസ്തുത സ്ഥലത്ത് ദേവാലയങ്ങളും സഭകളും സജീവമായി. തൊഴിലാളികള്‍ക്കു ജോലിയും കൂലിയും ലഭിച്ചതോടെ സാമൂഹികജീവിതത്തില്‍ വലിയ മാറ്റം വന്ന പ്രദേശമായി ഇതു മാറി. ഭൂരിപക്ഷം സ്ത്രീകളും പുരുഷന്‍മാരും ഫാക്ടറിയില്‍ ജോലി ചെയ്തതോടെ ബര്‍ണശ്ശേരി ഒരു വ്യവസായ നഗരം എന്ന പേരില്‍ അറിയപ്പെട്ടു. അന്ന് കണ്ണൂര്‍ പ്രദേശത്തെ ജനങ്ങള്‍ സമയം നിശ്ചയിച്ചിരുന്നത് കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ വിവിധ സമയങ്ങളിലെ സൈറണ്‍ മുഴക്കുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു.
മിഷന്‍ ഷാപ്പ് പൊടുന്നനെ അടച്ചുപൂട്ടി ജര്‍മന്‍ സായ്പ് താക്കോല്‍ക്കൂട്ടം കടലിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് അറിവ്. പിന്നീട് റാണി മില്‍ എന്ന പേരില്‍ നെയ്ത്തുകമ്പനിയായി അതു പ്രവര്‍ത്തിച്ചുവന്നു. 1965ലാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരുകാരനായ ചെട്ട്യാര്‍ കമ്പനി വാങ്ങുന്നത്. റാണി മില്‍ എന്ന പേരു മാറ്റി തിരുവേപ്പതി മില്‍സ് എന്ന പേരില്‍ കോയമ്പത്തൂരിലെ ജഗനന്നാഥം എന്ന വ്യവസായി ടെക്‌സ്റ്റൈല്‍ മില്ലായി അതു നടത്തിവന്നു. 'തിരുപ്പതി വെങ്കിടാചലപതി' എന്ന അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തിയുടെ ചുരുക്കപ്പേരാക്കിയാണ് തിരുവേപ്പതിയെന്ന് അദ്ദേഹം നാമകരണം ചെയ്തത്.
600ല്‍പരം തൊഴിലാളികള്‍ ജോലി ചെയ്തുവന്ന സ്ഥാപനം 1998 ഫെബ്രുവരി 16 മുതല്‍ അടച്ചുപൂട്ടി. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി തൊഴിലാളി സംഘടനകള്‍ കൂട്ടായി നടത്തിയ സമരപോരാട്ടങ്ങള്‍ നിരവധിയായിരുന്നു. ഏഴു വര്‍ഷത്തിനുശേഷം 2005 ഫെബ്രുവരി 25ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികള്‍ക്കും നിയമാനുസൃതമുള്ള ആനുകൂല്യങ്ങള്‍ നല്‍കി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
തൊഴിലാളിസമരത്തിന് നേതൃത്വം നല്‍കിയ സിപിഎം തന്നെ അഞ്ചു മാസത്തിനകം ആ വ്യവസായ സ്ഥാപനം വിലയ്‌ക്കെടുത്തുവെന്ന അദ്ഭുതകരമായ വാര്‍ത്തയാണ് കണ്ണൂരുകാര്‍ കേട്ടത്.
മൂന്ന് ഏക്കര്‍ 73 സെന്റ് ഭൂമിയിലാണ് ജര്‍മന്‍കാര്‍ നിര്‍മിച്ച വന്‍കിട വ്യവസായ സ്ഥാപനവും 100 കോടിയോളം രൂപ വില വരുന്ന ടെക്‌സ്റ്റൈല്‍ യന്ത്രസാമഗ്രികളും ഉണ്ടായിരുന്നത്. പ്രസ്തുത സ്ഥാപനം വില്‍പന ചെയ്യാനുള്ള നീക്കമുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ ഏതാനും വ്യവസായപ്രമുഖര്‍ സ്ഥാപനം വിലയ്ക്കുവാങ്ങുന്നതിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നിരുന്നു. എന്നാല്‍, താല്‍പര്യം കാണിച്ച വ്യവസായികളെ നേരിട്ടും ടെലിഫോണിലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് സിപിഎം നേതൃത്വം ചെയ്തത്. മാത്രമല്ല, തുച്ഛമായ വിലയ്ക്കു സ്ഥാപനം അവര്‍ കൈക്കലാക്കുകയായിരുന്നു. ആറര കോടി രൂപയാണ് വില്‍പനയിലൂടെ ലഭിച്ചതെന്നാണ് കോടതിയിലൂടെ അറിയാന്‍ കഴിഞ്ഞത്. 3 ഏക്കര്‍ 73 സെന്റ് ഭൂമിക്ക് മാത്രം പ്രസ്തുത സ്ഥലത്തെ നടപ്പുവില അന്നത്തേത് അനുസരിച്ച് 37.5 കോടി രൂപ ലഭിക്കേണ്ടതായിരുന്നു (എന്നാല്‍ സിപിഎം വാങ്ങിയ വില സെന്റിന് 1,73,000 രൂപ മാത്രം). കെട്ടിടത്തിന്റെ മെഷിനറികളുടെയും മറ്റും കോടികള്‍ വേറെ. ഇത്രയും സംഖ്യ ലഭിച്ചിരുന്നുവെങ്കില്‍ തൊഴിലാളികള്‍ക്ക് നിയമാനുസൃതമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ കേരള ഹൈക്കോടതിയുടെ വിധിയും കാത്തിരിക്കുന്നു. വിധി വന്നാല്‍ ആരാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുക എന്ന ചോദ്യവും ബാക്കിയാവുന്നു.
പരിഹരിക്കപ്പെടാത്ത വിഷയങ്ങള്‍ പലതാണ്: 1. സീനിയര്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി പോലും ലഭിച്ചിട്ടില്ലെന്ന അവരുടെ പരാതി ഹൈക്കോടതിയിലാണ്. 2. സ്ഥിരം തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിച്ച 2008 ജനുവരി ഒന്നു വരെ കണക്കാക്കി തങ്ങള്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന ബദിലി കാഷ്വല്‍ തൊഴിലാളികളുടെ കേസും ഹൈക്കോടതിയിലാണ്. ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ആനുകൂല്യം കണക്കാക്കിയത് 1998 ഫെബ്രുവരി 16 വരെ മാത്രമാണ്.
3. സ്ഥാപനം പ്രവര്‍ത്തിച്ച കാലയളവില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഈടാക്കിയ പ്രൊവിഡന്റ് ഫണ്ട് വിഹിതം മാനേജ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടില്‍ അടയ്ക്കാതിരുന്നതിനാല്‍ ഉണ്ടായ പലിശ, പിഴപ്പലിശ, ഡേമേജ് എന്നിവ ഉള്‍പ്പെടെ 1 കോടി 49 ലക്ഷം രൂപ ഈടാക്കിയെടുക്കാന്‍ പ്രൊവിഡന്റ് ഫണ്ട് ഡിപാര്‍ട്ട്‌മെന്റ് ഹൈക്കോടതിയുടെ ഉത്തരവ് വാങ്ങി ലിക്വിഡേറ്ററെ സമീപിച്ചിരിക്കുകയാണ്.
2006 ആഗസ്തില്‍ കണ്ണൂര്‍ ഇന്ത്യന്‍ ബാങ്ക് മുഖേനയായിരുന്നു തിരുവേപ്പതി മില്‍ ടെന്‍ഡര്‍ വില്‍പന പൂര്‍ത്തീകരിച്ചത്. ബാങ്കില്‍ അപേക്ഷ നല്‍കാന്‍ വന്നിരുന്ന നൂറുകണക്കിന് ആളുകളെയാണ് രാവിലെ എട്ടു മണി മുതല്‍ അവിടെ തമ്പടിച്ച സിപിഎം സംഘങ്ങള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചത്.
ഏതെങ്കിലും ഒരു വ്യവസായി പ്രസ്തുത സ്ഥാപനം എടുത്തിരുന്നെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇന്നവിടെ ജോലി ചെയ്യുമായിരുന്നു; നേരത്തേ ജോലി ചെയ്തുവന്ന തൊഴിലാളികള്‍ക്ക് നിയമാനുസൃത ആനുകൂല്യം ലഭിക്കുമായിരുന്നു. സര്‍വീസുള്ള ഒരു തൊഴിലാളി 13,50,000 രൂപ നിയമാനുസൃത ക്ലെയിം നല്‍കിയെങ്കിലും ലഭിച്ചത് 1,20,000 രൂപയാണ്. കണ്ണീരും കൈയുമായി പാവം തൊഴിലാളികള്‍ക്ക് മടങ്ങിപ്പോവേണ്ടിവന്നു. പ്രതീക്ഷ അറ്റുപോയവര്‍, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ സ്വീകരിക്കേണ്ടിവന്നവര്‍. ഇവര്‍ കൂട്ടായി വിളിച്ച മുദ്രാവാക്യമായിരുന്നു ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന്. ഇന്നു ദുഃഖവും പ്രതിഷേധവും കടിച്ചമര്‍ത്തി ഭിക്ഷാടനം നടത്തുന്നു അവരില്‍ ചിലരെങ്കിലും.
സിപിഎം വിലയ്ക്കുവാങ്ങിയശേഷം തിരുവേപ്പതി മില്‍ കെട്ടിടം അടിച്ചുപൊളിച്ച് നിരപ്പാക്കി. കെട്ടിടം പൊളിച്ച വാര്‍ത്ത കണ്ണൂരുകാര്‍ പലരും അറിഞ്ഞില്ലെങ്കിലും ജര്‍മനിയില്‍ ബാസല്‍ മിഷനുമായി ബന്ധപ്പെട്ടവര്‍ അറിഞ്ഞു. അവരുമായി ബന്ധമുള്ളവര്‍ ബര്‍ണശ്ശേരിയില്‍ ഇപ്പോഴുമുണ്ടല്ലോ. രണ്ടുപേര്‍ ജര്‍മനിയില്‍ നിന്നു വന്ന് തിരുവേപ്പതിയുടെ മുന്നില്‍ വന്നു പ്രാര്‍ഥനയിലായിരുന്നു. കണ്ണീരോടെ അവര്‍ പറഞ്ഞത്, ഞങ്ങള്‍ അറിയാന്‍ വൈകിപ്പോയി; അറിഞ്ഞെങ്കില്‍ പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലായിരുന്നുവെന്നാണ്. 1834 മുതല്‍ 1914 വരെ സൗത്ത് കനറയിലും മലബാറിലും തങ്ങളുടെ പൂര്‍വികര്‍ കെട്ടിപ്പൊക്കിയ ഒരു വ്യവസായ സ്ഥാപനവും പൊളിച്ചുനീക്കിയിട്ടില്ല. ഇതു മാത്രം ഇങ്ങനെ സംഭവിച്ചു. മംഗലാപുരത്തും കാസര്‍കോട്ടും കോഴിക്കോട്ടും ചോമ്പാലയിലും ബാസല്‍ മിഷനുകാര്‍ സ്ഥാപിച്ച കെട്ടിടങ്ങള്‍ ആരും പൊളിച്ചുമാറ്റിയിട്ടില്ല. 1834 മുതല്‍ 1914 വരെയുള്ള പഠന റിപോര്‍ട്ടിന്റെ ഒരു കോപ്പി അവിടെ സമര്‍പ്പിച്ച് അവര്‍ യാത്രയായി.
നായനാര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേരില്‍ ഇങ്ങനെയൊരു തൊഴിലാളി വഞ്ചനയ്ക്ക് അനുവദിക്കുമായിരുന്നില്ല. തൊഴിലാളിവര്‍ഗമേ നിനക്ക് നഷ്ടപ്പെടാനൊന്നുമില്ല, പൊട്ടിച്ചെറിയൂ കൈച്ചങ്ങലകള്‍, കിട്ടാനുണ്ട് പുതിയൊരു ലോകം എന്ന് ആഹ്വാനം ചെയ്ത് തൊഴിലാളികളെ ആവേശംകൊള്ളിച്ചവര്‍ തൊഴിലാളികളുടെ കൈകളില്‍ ചങ്ങലകളിടുക മാത്രമല്ല, അവരെ കൂരിരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയുമാണ്.           ി

(ഐഎന്‍ടിയുസി ദേശീയ
സെക്രട്ടറിയാണ് ലേഖകന്‍.)
Next Story

RELATED STORIES

Share it