palakkad local

തിരുവേഗപ്പുറത്തിന് വേദനയായി മുജീബിന്റെ വിയോഗം

പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്തംഗമായ കിനാങ്ങാട്ടില്‍ മുജീബിന്റെ മരണം നാടിന്റെ നൊമ്പരമായി. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു മരണം. ഗ്രാമപഞ്ചായത്തംഗമെന്ന നിലയില്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനില്‍ക്കെയായിരുന്നു. കേരളാ കോണ്‍ഗ്രസ് എം പട്ടാമ്പിനിയോജകമണ്ഡലം പ്രസിഡന്റാണ്. 39 വയസ്സ് മാത്രമാണ് പ്രായം. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരോടും അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. വാര്‍ഡിലെ വികസനകാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തി. ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സ്വതന്ത്രനായി മല്‍സരിച്ച മുജീബ് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് അനുകൂലമായാണ് ഇടപെട്ടിരുന്നത്.
പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി ഇടപെട്ടു. ശനിയാഴ്ചയും പതിവ്‌പോലെ മുജീബ് ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു. തന്റെ വാര്‍ഡില്‍ അടുത്തദിവസം നടക്കുന്ന ഗ്രാമസഭയുടെ നോട്ടീസൊക്കെ വാങ്ങി വീട്ടിലേക്ക് പോയതാണ്. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണവിവരം അറിഞ്ഞ് നിരവധി പേരാണ് തിരുവേഗപ്പുറയിലെ വീട്ടിലെത്തിയത്. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ കരിഞ്ചീരിത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവ് ചെയ്തു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ടി പി ശാരദ അധ്യക്ഷത വഹിച്ചു. എം എ സമദ്, ടി പി കേശവന്‍, പി ഇന്ദിരാദേവി ടീച്ചര്‍, കെ കെ എ അസീസ്, പി കെ സതീശന്‍, എം വി അനില്‍കുമനാര്‍, അലി കുന്നുമ്മല്‍, കെ സേതുമാധവന്‍, എം പി സുരേഷ്, പി ടി അബൂബക്കര്‍, മണികണ്ഠന്‍, വാസു, ബീന, വി പി സെയ്തുമുഹമ്മദ്, കെ. പരേമശ്വരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it