palakkad local

തിരുവിഴാംകുന്ന് കരടിയോട് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു



മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് കരടിയോട് പതിനാലംഗ കാട്ടാനക്കൂട്ടമിറങ്ങി ആയിരക്കണക്കിനു വാഴകള്‍ നശിപ്പിച്ചു. കണ്ടമംഗലം, കച്ചേരിപ്പറമ്പ് ഭാഗങ്ങളെ കഴിഞ്ഞ ഒരാഴ്ചയായി വിറപ്പിച്ച കാട്ടാനക്കൂട്ടമാണ് കരടിയോട്ടെത്തി നാശംവിതച്ചത്. കാട്ടാനകളെ കാടു കയറ്റിയില്ലങ്കില്‍ വന്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കരടിയോട് നിവാസികളായ വളപ്പില്‍ അവറാന്റെ അഞ്ഞൂറോളം വാഴകളും ചേലക്കാട്ടില്‍ ഉണ്ണിചോയി, ചേലക്കാട്ടില്‍ സുരേന്ദ്രന്‍, മേലെകളത്തില്‍ മണിയന്‍, എന്നിവരുടെ ഇരുനൂറിലേറെ വാഴകളും നെടുങ്ങോട്ടില്‍ കണ്ണന്റെ നൂറോളം വാഴകളും ആനക്കുട്ടം നശിപ്പിച്ചു. ഒറ്റ രാത്രി കൊണ്ട് വാഴതോട്ടം നിലംപരിശാക്കി. ആനക്കൂട്ടം കൃഷിയിടങ്ങള്‍ കടന്ന് പുരയിടങ്ങളിലെ കൃഷി തേടി എത്തി തുടങ്ങിയതോടെ ജനം ഭീതിയിലായി. ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടാനാകളെ മലയടിവാരം വരെ തുരത്തിയെങ്കിലും ആനകള്‍ നാട്ടുകാരെ തിരിച്ച് ഓടിച്ചു. ഓട്ടത്തിനിടെ പലരും നിലത്തു വീണു. ഭാഗ്യം കൊണ്ടാണ് ആനകളുടെ ആക്രമണത്തില്‍ നിന്നു കര്‍ഷകരും നാട്ടുകാരും രക്ഷപ്പെടുന്നത്. കൃഷി നശിപ്പിക്കുന്നതിനപ്പുറം ആനകള്‍ ജനവാസ കേന്ദ്രത്തിലെത്തിയത് കര്‍ഷകരെ മാത്രമല്ല എല്ലാവരെയും ഭീതിയിലാഴ്ത്തുന്നുണ്ട്. കാലികളെ ഓടിക്കുന്ന ലാഘവത്തോടെ ആനക്കൂട്ടത്തെ തുരത്താന്‍ കഴിയില്ലന്നും അതിനു പരിശീലനം ലഭിച്ചവരെ ഉപയോഗപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ കുങ്കി ആനകളെ കൊണ്ടു വരണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കണ്ടമംഗലം. കരടിയോട് മലയോരത്തില്‍ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണ് ആനക്കൂട്ടം ഒരു മാസത്തിനിടെ നശിപ്പിച്ചത്. ഇതിനു പരിഹാരം കാണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it