തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ ഒറ്റ കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാന്‍ സംവിധാനം

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളെയെല്ലാം ഒരു കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. ക്ഷേത്രങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റുമുഖേന അവയെ ബന്ധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി.
കെല്‍ട്രോണുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ക്ഷേത്രങ്ങളിലെ ചെറിയ സംഭവങ്ങള്‍ പോലും പര്‍വതീകരിച്ചു കാണിക്കാന്‍ ചില കോണുകളില്‍നിന്ന് ബോധപൂര്‍വമായ ശ്രമം നടക്കുന്നു.
ശബരിമലയടക്കം ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രസാദ നിര്‍മാണം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരുടെ സഹകരണത്തോടെ തയ്യാറാക്കും.
ഇവിടെ നിന്നുള്ള വിദഗ്ധര്‍ ഇടവമാസ പൂജകള്‍ക്കായി നട തുറന്നിരിക്കുന്ന സമയത്ത് സന്നിധാനത്ത് എത്തും. ഇവരുടെ സഹായത്തോടെ അരവണയും ഉണ്ണിയപ്പവും നിര്‍മിക്കും.
സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരുടെ  നിര്‍ദേശം അനുസരിച്ചാല്‍ അരവണ നിര്‍മാണത്തില്‍ ശര്‍ക്കരയുടെ അളവ് കാര്യമായി കുറയ്ക്കാനാവും.
കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും, കവിയൂരിലെ ഉഴുന്നുവടയുമെല്ലാം ഇവരുടെ ഉപദേശമനുസരിച്ച് നിര്‍മിക്കാനാവുമോ എന്നും പരിശോധിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it