kannur local

തിരുവാലി പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ധാരണയിലെത്താന്‍ സാധ്യത

മഞ്ചേരി: തിരുവാലി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് പുതിയ സമവാക്യങ്ങളിലേക്ക്. നിലവിലുള്ള ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നീക്കം. യുഡിഎഫ് സഖ്യത്തില്‍ നിന്നു മുസ്‌ലിംലീഗ് വേറിട്ടതോടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കത്തിലൂടെ ബിജെപിയുമായി ധാരണയാവുന്നത്.
തിരഞ്ഞെടുപ്പു നടക്കുന്ന 16 വാര്‍ഡിലും മല്‍സരിക്കുന്ന കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു നല്‍കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. ഇതോടെ ഒന്നോ രണ്ടോ വാര്‍ഡുകളില്‍ ബിജെപിക്ക് സാധ്യത കൂടും. കഴിഞ്ഞ തവണ ഒന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടുകള്‍ക്കാണ് ബിജെപിക്ക് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടത്. സിപിഎം വിജയിച്ച ഈ വാര്‍ഡില്‍ യുഡിഎഫിനായിരുന്നു രണ്ടാം സ്ഥാനം. ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സുമായി രഹസ്യ ധാരണയുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. എല്ലാവരുടെയും വോട്ടു സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കഴിഞ്ഞ തവണ പരസ്യമായി പ്രഖ്യാപിച്ചിരുന്നത് ബിജെപി ബന്ധം ആരോപിക്കാന്‍ കാരണമായിട്ടുണ്ട്. ബിജെപി പിന്തുണയിലാണ് കഴിഞ്ഞതവണ യുഡിഎഫ് ഭരണത്തിലെത്തിയതെന്ന് എല്‍ഡിഎഫ് അന്നേ ആരോപിച്ചിരുന്നു.
നിലവിലുള്ള അവസ്ഥയില്‍ ഭരണം തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്നിരിക്കെ ഇടഞ്ഞു നില്‍ക്കുന്ന മുസ്‌ലിം ലീഗിനെ തളക്കുകയെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലരുടെ പ്രധാന ലക്ഷ്യം.
യുഡിഎഫ് ഭിന്നിക്കാനുള്ള കാരണവും ഇതാണെന്നാണ് ലീഗ് പറയുന്നത്. 1,2,5,6,13 തുടങ്ങിയ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്നു ആളുകള്‍ ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ അക്കൗണ്ടു തുറക്കാമെന്ന പ്രതീക്ഷയാണ് 14 വാര്‍ഡുകളില്‍ മല്‍സരിക്കുന്ന ബിജെപിക്കുള്ളത്. ഗ്രാമപ്പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് കടുപ്പമേറിയ പോരാട്ടം നടക്കുന്നത്. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവനും മുസ്‌ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മണ്ഡലം വൈ.പ്രസിഡന്റുമായ സി ടി കരീമുമാണ് മല്‍സരിക്കുന്നത്. 10 വാര്‍ഡുകളിലാണ് മുസ്‌ലിംലീഗ് മല്‍സരിക്കുന്നത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം ലഭിച്ചിട്ടും യുഡിഎഫ് തല്ലിപ്പിരിഞ്ഞത് പ്രചാരണായുധമാക്കുകയാണ് ഇടതു പക്ഷം. കഴിഞ്ഞ തവണ രണ്ട് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഇടതിന് ഭരണം നഷ്ടപ്പെട്ടത്.
ഇത്തവണ ഭരണം തിരിച്ചു ലഭിക്കാന്‍ സാധ്യതയും ഇവര്‍ കാണുന്നുണ്ട്. ശക്തി തെളിയിക്കാന്‍ എസ്ഡിപിഐ മുന്ന് വാര്‍ഡുകളില്‍ മല്‍സരിക്കുന്നുണ്ട്. 3ാം വാര്‍ഡില്‍ നെച്ചിക്കാടന്‍ നജീബ്, 15ാം വാര്‍ഡില്‍ കുന്നുമ്മല്‍ മുഹമ്മദ്, 16ാം വാര്‍ഡില്‍ ചിറക്കല്‍ ബീരാന്‍കുട്ടി എന്നിവരാണ് രംഗത്തുള്ളത്.
Next Story

RELATED STORIES

Share it