തിരുവാഭരണം മോഷണം; പൂജാരിയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍

വൈപ്പിന്‍: നായരമ്പലം നെടുങ്ങാട് കൊല്ലേരിത്തറ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിയും ഭാര്യയും സഹോദരനുമടക്കം മൂന്നംഗ സംഘത്തെ ഞാറയ്ക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.
പൂജാരി തിരുവനന്തപുരം ചിറയിന്‍കീഴ് കുന്നത്ത് അഴകത്ത് സുന്ദരന്റെ മകന്‍ ലതീഷ് (25), സഹോദരന്‍ അനീഷ് (22), ലതീഷിന്റെ ഭാര്യ നായരമ്പലം വെളിയത്താം പറമ്പില്‍ നികത്തിത്തറ നീതു (25) എന്നിവരെ ഇന്നലെ കൊല്ലം പാരിപ്പിള്ളി പോളിച്ചിറ ക്ഷേത്രത്തിനു സമീപം വച്ചാണ് അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലായ മൂന്നര പവന്റെ തിരുവാഭരണം ഞാറയ്ക്കലുള്ള ജ്വല്ലറിയില്‍ നിന്നു പോലിസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ഒന്നിനാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ലതീഷ് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ദേവീവിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തുന്ന മാല മോഷ്ടിച്ചത്. മോഷണത്തിനു ശേഷം ഇയാള്‍ പിറ്റേന്ന് ക്ഷേത്രത്തില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേത്രത്തിലെ നട തുറന്ന് നോക്കിയപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ ഞാറയ്ക്കല്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയും മോഷണത്തിനു സഹായിച്ച ഭാര്യയും സഹോദരനും പിടിയിലായത്.
ഒന്നാം പ്രതിയായ ലതീഷ് ഇപ്പോള്‍ പാരിപ്പിള്ളി ശിവപാര്‍വതി ക്ഷേത്രത്തിലെ പൂജാരിയാണ്. ഞാറയ്ക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഞാറയ്ക്കല്‍ സിഐ സി ആര്‍ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍, എഎസ്‌ഐ ഇന്ദുചൂഡന്‍, ഗിരീഷ്, സിപിഒ ജോബി, ഡബ്ല്യൂപിസിമാരായ സലോമി, ലിബിഷ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it