Kottayam Local

തിരുവല്ല സബ്ട്രഷറി നഗരത്തിന് നഷ്ടമായേക്കും

തിരുവല്ല: സ്വന്തമായി സ്ഥലം ലഭിക്കാത്തതിനാല്‍ തിരുവല്ല സബ്ട്രഷറി നഗരത്തിന് നഷ്ടമായേക്കും. ആധുനികവല്‍ക്കരണക്കരണത്തിന്റെ ഭാഗമായി നവീന ട്രഷറി നിര്‍മിക്കാന്‍ നഗരത്തില്‍ സ്ഥലം ലഭിക്കാത്തതിനാലാണ് നഗരപരിധി വിട്ടും സ്ഥലം നേടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങിയത്. ഇപ്പോള്‍ റവന്യു ടവറിന് സമീപത്ത് ഒരു നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സബ് ട്രഷറിക്കായാണ് പുതിയ സ്ഥലം തേടുന്നത്.
ബാങ്കുകളുമായി കിടപിടിക്കുന്ന ആധുനിക ട്രഷറി നിര്‍മിക്കാന്‍ കുറഞ്ഞത് പത്ത് സെന്റ്സ്ഥലമെങ്കിലും സ്വന്തമായി വേണം. വര്‍ഷങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രഷറി പണിയാന്‍ സ്ഥലം തേടിയെങ്കിലും ഇതുവരെയും ലഭ്യമായിട്ടില്ല. റവന്യു ടവറില്‍ ട്രഷറിക്കായി ഒരുക്കിയ പരിമിതമായ സൗകര്യങ്ങള്‍ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമായതിനാലും ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാലുമാണ് അവിടേക്ക് മാറ്റാതിരുന്നത്. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ സ്ഥലം കിട്ടിയില്ലെങ്കില്‍ സമീപമുള്ള പഞ്ചായത്തുകളില്‍ സ്ഥലം നേടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം ആരംഭിച്ചത്.
അടൂര്‍, പന്തളം, കുമ്പനാട് എന്നിവിടങ്ങളില്‍ ട്രഷറിക്ക് സ്വന്തമായി കെട്ടിടമുണ്ട്. സംസ്ഥാനത്തെ 66 സ്ഥലങ്ങളിലും പുതിയതായി ട്രഷറിക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു. സ്ഥലം ലഭ്യമാക്കിയാല്‍ സര്‍ക്കാര്‍ നേരിട്ട് നവീന ട്രഷറി നിര്‍മിച്ചു നല്‍കും.
തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന തിരുവല്ല സബ് ട്രഷറിക്ക് സ്ഥലംവിട്ടുനല്‍കുന്ന കാര്യത്തില്‍ നഗരസഭ കണ്ണുതുറക്കുന്നില്ല. നിലവിലുള്ള ട്രഷറിക്ക് സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വന്തമായി സ്ഥലമുള്ള നഗരസഭ, ട്രഷറിക്ക് സ്ഥലംകൊടുക്കാത്തത് പൊതുജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന റവന്യു ടവറിലും പൊലീസ് സ്റ്റേഷനിലും സബ് രജിസ്ട്രാര്‍ ഓഫിസിലുമൊക്കെ  വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്ന ജനങ്ങള്‍ക്ക് ചലാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മറ്റും ലഭിക്കുന്നത് ട്രഷറിയില്‍ നിന്നാണ്. ട്രഷറി നഗരംവിട്ടുപോയാല്‍ ദുരിതമേറെയും ജനത്തിനാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കി മുമ്പ് തിരുവല്ല നഗരസഭയുടെ കൗണ്‍സില്‍ യോഗം സബ് ട്രഷറിക്ക് സ്ഥലം വിട്ടുനല്‍കാന്‍  തീരുമാനിച്ചതുമാണ്.
എന്നാല്‍ ചിലരുടെ ഇടപെടല്‍മൂലം തീരുമാനം വീണ്ടും അട്ടിമറിക്കപ്പെട്ടു. ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇപ്പോഴും നഗരസഭാധികൃതര്‍. പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തില്‍ നിന്നും നഗരസഭാ പിന്‍മാറണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it