Pathanamthitta local

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്രീ പെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടറിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

തിരുവല്ല: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോലിസ് ഉദ്യോഗസ്ഥന്‍ പോയി. തിരുവല്ല റെയില്‍വേ സ്‌റ്റേഷനിലെ പ്രീ പെയിഡ് ഓട്ടോറിക്ഷാ കൗണ്ടറിന്റെ പ്രവര്‍ത്തനം ത്രിശങ്കുവില്‍. അവസരം മുതലെടുത്ത ഓട്ടോറിക്ഷ ടാക്‌സികള്‍ക്ക് ചാകര. യാത്രക്കാരുടെ പരാതികള്‍ വര്‍ധിച്ചു.
പ്രീപെയ്ഡ് ടാക്‌സി കൗണ്ടറില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലിസുകാരന്‍ കഴിഞ്ഞ 12നാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി പോയത്. ഇതേതുടര്‍ന്ന് കൗണ്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത്. ഇവിടെ ടോക്കന്‍ നല്‍കാന്‍ ഒരു സ്ത്രീ ഉണ്ടെങ്കിലും ടാക്‌സി ഡ്രൈവര്‍മാര്‍ ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാറില്ലെന്നാണ് പ്രധാന പരാതി. ചെറിയ ദൂരം പോവേണ്ട യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.
സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ പിന്നാലെ കൂടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ എവിടേക്കാണെന്ന് ചോദിച്ച് സ്ഥലം മനസ്സിലാക്കും. ബസ് സ്റ്റാന്റിലും മറ്റുമുള്ള അടുത്ത ദൂരത്തില്‍ പോവേണ്ട യാത്രക്കാരെ ഇവര്‍ തന്ത്രപൂര്‍വം ഒഴിവാക്കി മുങ്ങുന്നതായാണ് പരാതി. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്ക് പോവേണ്ട യാത്രക്കാരിയോട് കൗണ്ടറില്‍ നിന്ന ടോക്കണ്‍ എടുക്കാന്‍ ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടു.
ഇതുപ്രകാരം ലഗേജും തൂക്കി വൃദ്ധയായ സ്ത്രീ സ്‌റ്റേഷന്റെ കവാടത്തിലുള്ള കൗണ്ടറില്‍ ചെന്ന് ടോക്കന്‍ വാങ്ങി തിരികെ വന്നപ്പോഴേക്കും ഓട്ടോ ഡ്രൈവര്‍ മുങ്ങി. പ്രീപെയ്ഡ് കൗണ്ടറില്‍ പോലിസുകാരന്‍ ഇല്ലാതായതോടെ ടാക്‌സി ഡ്രൈവര്‍മാര്‍ അമിതകൂലി ഈടാക്കുന്നതായുള്ള പരാതികളും ഏറെയാണ്.
Next Story

RELATED STORIES

Share it