Pathanamthitta local

തിരുവല്ല-മാങ്കുളം സര്‍വീസ് വീണ്ടും കട്ടപ്പുറത്ത്; ഓട്ടത്തിനിടെ മുന്‍ചക്രം പഞ്ചറായി

തിരുവല്ല: ഓട്ടത്തിന് ഇടയില്‍ മുന്‍ചക്രം പഞ്ചറായി ചൊവ്വാഴ്ച വഴിയില്‍ കിടന്ന തിരുവല്ല-മാങ്കുളം സര്‍വീസ് ഇന്നലെയും ബ്രേക്ക് ഡൗണായി. മാങ്കുളത്തുനിന്നും തിരുവല്ലയ്ക്ക് തിരിച്ച് വരുന്നതിനിടയില്‍ കിടങ്ങുരിനും ഏറ്റുമാനൂരിനും ഇടയിലുമുള്ള കിസ്മത്ത് പടിയില്‍വച്ചാണ് ബസ്സിന്റെ മുന്‍ചക്രം പഞ്ചറായത്.
ഇതേ ബസ്സുതന്നെയാണ് ഇന്നലെയും പന്നിക്കുഴി പാലത്തിന് സമീപത്തുവച്ച് ബ്രേക്ക് ഡൗണായത്. എന്‍ജിന്‍ തരാറുമൂലം ബസ്സ് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതാണ് ഇന്നലെ സര്‍വീസ് മുടങ്ങാന്‍ ഇടയാക്കിയത്.കെഎസ്ആര്‍ടിസി ജീവനക്കാരന്‍ നടത്തുന്ന സ്വകാര്യബസ്സ് സര്‍വീസിനെ സഹായിക്കാനാണ് കാലപഴക്കം ചെന്ന ബസ്സ് ഈ റൂട്ടില്‍ ഓടിക്കുന്നതെന്നാണ് ആക്ഷേപം.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍വീസ് ആരംഭിക്കുവാന്‍ നല്‍കിയ ആര്‍പിഎം 97 എന്ന പുതിയബസ്സ് പിന്‍വലിച്ച് പഴയ വേണാട് ബസ്സ് നല്‍കിയത് മുതലാണ് സര്‍വീസിന് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഏതാണ്ട് മൂന്നൂറ്റി അറുപത് കിലോമീറ്ററോളം പോക്കുവരവിന് വേണ്ടിവരുന്ന ദീര്‍ഘദൂര റൂട്ടില്‍ സര്‍വീസിനായി പഴയ ബസ്സുകള്‍ നല്‍കുന്നത് മൂലം സമയം പാലിക്കാന്‍ കഴിയാതെ വരുന്നതായാണ് ആരോപണം. സര്‍വീസിന്റെ തുടക്കത്തില്‍ ഈ ബസ്സിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ പലരും സമയം പാലിക്കാതായതോടെ ബസ്സിനെ കൈവിട്ടതായും പറയപ്പെടുന്നു. തുടക്കത്തില്‍ എണ്ണായിരം മുതല്‍ പതിനാലായിരം രൂപവരെ വരുമാനമുണ്ടായിരുന്ന സര്‍വീസ് പിന്നീട് വരുമാനത്തിന്റെ കാര്യത്തില്‍ കൂപ്പുകുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് പുതിയ ബസ്സ് വിട്ടുനല്‍കുന്നതിന് അധികൃതര്‍ ഇപ്പോള്‍ വിമുഖത കാട്ടുന്നത്. എന്നാല്‍ സമയംപാലിച്ച് കൃത്യമായി സര്‍വീസ് നടത്തിയാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയും.
Next Story

RELATED STORIES

Share it