Pathanamthitta local

തിരുവല്ല നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് 48 കോടിയുടെ പദ്ധതി

തിരുവല്ല: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നഗരാസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന് 48 കോടിയുടെ പദ്ധതിയുമായി തിരുവല്ല നഗരസഭ. പദ്ധതി സംബന്ധിച്ച വിശദമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനായി സ്റ്റേഡിയം വികസന കമ്മിറ്റിയോഗം ക്ഷണിച്ചതനുസരിച്ച് മൂന്ന് വിദഗ്ധ കമ്പനികളുടെ പ്രതിനിധികള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രശസ്ത ആര്‍ക്കിടെക്ട് പി എസ് അതുല്‍, സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ടി.സി.എച്ച്. കമ്പനികളുടെയും പ്രതിനിധികളാണ് സ്റ്റേഡിയം സന്ദര്‍ശിച്ചത്. 16ന് ചേര്‍ന്ന സ്റ്റേഡിയം വികസന കമ്മിറ്റിയോഗത്തിന്റെ തീരുമാനപ്രകാരമാണ് കമ്പനികളെ വിളിച്ചുവരുത്തിയത്. പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നഗരസഭയ്ക്ക് സമര്‍പ്പിക്കാനാണ് കമ്പനികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഡോര്‍മെറ്ററി റൂം, ജിംനേഷ്യം, മീഡിയ റൂം, വി.ഐ.പി. റും, ടോയ്‌ലറ്റ് ബ്ലോക്ക്, കഫറ്റേരി, ഡ്രസ്‌ചേഞ്ചിങ് റൂം, ലോക്കര്‍ റൂം, പ്ലയേഴ്‌സ് റൂം, പാര്‍ക്കിങ് ഏരിയ, സ്‌പോണ്‍സിറ്റിങ്, സ്യൂട്ട് റും, മള്‍ട്ടി പര്‍പസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, മെഡിക്കല്‍ റൂം, വൈഫൈ റൂം, സ്‌പോര്‍ട്ട് ഉപകരണങ്ങളുടെ വില്‍പ്പനശാല, ഗാരേജ് എന്നിവയടക്കമുള്ള വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ എട്ടുവരിയിലുള്ള 400 മീറ്റര്‍ അത്‌ലറ്റിക് ട്രാക്ക്, 68:105 മീറ്റര്‍ ഫുട്‌ബോള്‍ കോര്‍ട്ട്, 68.5 മീറ്റര്‍ വ്യാസത്തിലുളള ക്രിക്കറ്റ് ഗ്രൗണ്ട്, ഹോക്കി, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, എന്നിവയ്ക്കായുള്ള വിവിധോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് മൈതാനത്ത് ഒരുക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍. മൈതാനത്ത് പതിവാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മൂന്ന് കോടി രൂപ ചെലവ് വരുന്ന ശാസ്ത്രീയമായ ഓടനിര്‍മാണം, 20 കോടി ചെലവഴിച്ച് 25,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന വിശാലമായ ഗാലറി, എട്ടു കോടിയുടെ പവലിയന്‍ നിര്‍മാണം, മൈതാനം ഒരുക്കുന്നതിനായി 1.5 കോടിയുടെ പദ്ധതി, ഫഌഡ്‌ലിററ് സംവിധാനത്തിന് 2.5 കോടി, 5,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി അഞ്ചു കോടി, സ്റ്റേഡിയത്തിന് ചുറ്റും നിര്‍മിക്കുന്ന റോഡുകള്‍ക്കായി രണ്ടു കോടി, കവാടം-ലോബി എന്നിവയ്ക്കായി 50 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കായി 48 കോടിരൂപയുടെ മാസ്റ്റര്‍ പ്ലാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it