Pathanamthitta local

തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മൂന്നാം മന്ത്രിയായി മാത്യു ടി തോമസ്

തിരുവല്ല: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയായി മാത്യു ടി തോമസ് ചുമതലയേറ്റതോടെ, തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയായി. തിരുവല്ലയില്‍ നിന്ന് ആദ്യമായി മന്ത്രിയാകുന്നത് ഇ ജോണ്‍ ജേക്കബാണ്.
1977ലായിരുന്നു തിരുവല്ലയ്ക്ക് ഈ ഭാഗ്യം ലഭിച്ചത്. അതിനു ശേഷം 2006 ല്‍ മാത്യു ടി തോമസ് എ്ത്തുന്നതുവരെ തിരുവല്ലയ്ക്ക് കാത്തിരിക്കേണ്ടിവന്നു. തിരുവല്ലയുടെ തൊട്ടടുത്ത മണ്ഡലമായിരുന്ന കല്ലുപ്പാറ മണ്ഡലത്തില്‍ നിന്നും ടി എസ് ജോണ്‍ മന്ത്രി സ്ഥാനം കൈയ്യാളിയിരുന്നു. കഴിഞ്ഞ മണ്ഡലം പുനര്‍നിര്‍ണയത്തോടെ കല്ലൂപ്പാറ മണ്ഡലം ഇല്ലായാതി. പഴയ കല്ലൂപ്പാറ മണ്ഡലത്തിന്റെ നല്ലൊരുഭാഗവും ഇന്നു തിരുവല്ലയോടൊപ്പമാണ്.
പുതിയ മന്ത്രിസഭയില്‍ മധ്യതിരുവിതാംകൂര്‍ മേഖലയെ പ്രതിനീധികരിക്കുന്ന ഏകമന്ത്രിയാണ് മാത്യു ടി തോമസ്. 1987ല്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി കേരള നിയമസഭയിലെത്തിയ മാത്യു ടി തോമസ് 1991ല്‍ രണ്ടാം മല്‍സരത്തില്‍ പരാജയപ്പെട്ടിരുന്നു.
ഇക്കുറി നാലാംതവണയാണ് നിയമസഭയിലെത്തുന്നത്. 1987ല്‍ തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നും ജനതാദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചാണ് ആദ്യമായി കേരള നിയമസഭയിലെത്തുന്നത്.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പി സി തോമസിനെയാണ് അന്ന് മാത്യു ടി പരാജയപ്പെടുത്തിയത്. 1991ല്‍ വീണ്ടും മല്‍സരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ മാമ്മന്‍ മത്തായിയോട് 1200 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 15 വര്‍ഷത്തിനു ശേഷമാണ് മാത്യു ടി വീണ്ടും മല്‍സരംഗത്തെത്തിയത്. അങ്ങനെ 2006ല്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിക്ടര്‍ ടി തോമസിനെ 5600 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തി.
അന്നത്തെ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയാവാന്‍ ഭാഗ്യമുണ്ടായി. 2009ല്‍ ജനതാദള്‍ പിളര്‍ന്നപ്പോള്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.
പാര്‍ട്ടിയില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടപ്പോഴും മാത്യു ടി തോമസും കൂട്ടരും എല്‍ഡിഎഫ് മുന്നണിയില്‍ ഉറച്ചു നിന്നു. പിന്നീട് 2011ല്‍ 10767 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും വിക്ടര്‍ ടി തോമസിനെ പരാജയപ്പെടുത്തി മാത്യു ടി തോമസ് വീണ്ടും നിയമസഭയിലെത്തി.
Next Story

RELATED STORIES

Share it