തിരുവല്ലയിലെ സ്ഥാനാര്‍ഥിതര്‍ക്കം തീര്‍ന്നു

തിരുവല്ല: തിരുവല്ല സീറ്റ് ജോസഫ് എം പുതുശ്ശേരിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ നിലനിന്ന തര്‍ക്കത്തിന് പരിഹാരം. ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്ന പി ജെ കുര്യനുമായി ഇന്നലെ കെ എം മാണി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമവായമായത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം തീര്‍ന്നതായി ചര്‍ച്ചയ്ക്ക് ശേഷം പി ജെ കുര്യന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശ്ശേരി തന്നെയാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ മുന്നണി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിക്ടര്‍ ടി തോമസിനെ പരാജയപ്പെടുത്താന്‍ നിലപാടെടുത്ത പുതുശ്ശേരിയെ അംഗീകരിക്കാനാവില്ലെന്ന പി ജെ കുര്യന്റെ പരസ്യനിലപാടാണ് യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. ഇന്നലെ തിരുവല്ലയില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ എം മാണി, എംപിമാരായ ജോസ് കെ മാണി, ജോയ് ഏബ്രഹാം എന്നിവരാണ് പി ജെ കുര്യനുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ ജോസഫ് എം പുതുശ്ശേരിയെ കേരളാ കോണ്‍ഗ്രസ് നേതൃത്വം വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ വിമതപ്രവര്‍ത്തനത്തില്‍ ജോസഫ് എം പുതുശ്ശേരി ഖേദം പ്രകടിപ്പിച്ചതോടെയാണ് പി ജെ കുര്യന്‍ നിലപാട് മാറ്റിയതെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ എന്ത്‌കൊണ്ട് പുതുശ്ശേരി സ്ഥാനാര്‍ഥിയാവണമെന്ന് മാണി വിശദീകരിച്ചുവെന്നും അതിനാല്‍ ഇതുവരെയുണ്ടായിരുന്ന തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും കുര്യന്‍ പറഞ്ഞു.
അതേസമയം, കേരളാ കോണ്‍ഗ്രസ് എം നേതാവ് രാജു പുളിംപള്ളി പുതുശ്ശേരിക്കെതിരേ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it