Flash News

തിരുവമ്പാടി സീറ്റ്: അതിരൂപതയോട് ചില ചോദ്യങ്ങള്‍



ഇംതിഹാന്‍ ഒ അബ്ദുല്ല
മുസലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ തിരുവമ്പാടി അവരില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത് കുടിയേറ്റ ജനതയുടേയും കര്‍ഷകരുടേയും പ്രതിനിധിയെ അഥവാ ഒന്നു കൂടി തെളിയിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യാനിയെത്തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് താമരശ്ശേരി അതിരൂപത കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നു.മനുഷ്യ സ്‌നേഹത്തിന്റെയും മാനവികതയുടെയും ഗിരിപ്രഭാഷണങ്ങളാണ് മെത്രാന്‍മാരുടെ അരമനകളില്‍ നിന്നും പളളിമേടകളില്‍ നിന്നും സദാ മുഴങ്ങി കേള്‍ക്കാറ്. ആതുര ശ്രുഷൂഷാ രംഗത്ത് സഭ പ്രകടിപ്പിക്കുന്ന ദീനാനുകമ്പ പ്രശംസനീയവുമാണ്. പക്ഷേ അണ്ടിയോടടുക്കുമ്പോഴാണല്ലോ  മാങ്ങയുടെ പുളിയറിയുക.
ആര്‍.എസ്. എസിനെപ്പോലെയോ സംഘ് പരിവാറിന്റെ അനേകം ഉപ വിഭാഗങ്ങളെപ്പോലെയോ  പ്രത്യക്ഷ വര്‍ഗീയതയുടെ ലക്ഷണങ്ങളൊന്നും ക്രിസ്തീയ സഭകളോ അതിന്റെ മേലധ്യക്ഷന്‍മാരോ ഒരിക്കലും  പ്രകടിപ്പിക്കുകയേ ഇല്ല. എന്നല്ല തങ്ങളുമായി ബന്ധമുളള പാര്‍ട്ടികളും സ്ഥാപനങ്ങളും അവയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം സൂചിപ്പിക്കുന്ന പേരുകളിടുന്നതിനോടു പോലും അവര്‍ക്കു താല്‍പര്യമില്ല. എന്നാല്‍ തങ്ങളുടെ വിഭാഗീയ താല്‍പര്യങ്ങളെ കര്‍ഷകന്റെയും കുടിയേറ്റ ജനതയുടേയും പേരുകളില്‍ കൃത്യമായി അവതരിപ്പിക്കാനും നേടിയെടുക്കാനും സഭയും സഭയുടെ കുഞ്ഞാടുകളായ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളും എക്കാലത്തും ബധശ്രദ്ധരാണ്. സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുണ്ടെങ്കില്‍ ബിജെപിയടക്കമുളള ഏത് പാര്‍ട്ടിയിലും കുഞ്ഞാടുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് സഭക്ക് എതിര്‍പ്പുമില്ല.

എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വളരെ പരസ്യമായി തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ സഭ ഇറങ്ങി കളിച്ചിരിക്കുന്നു. പക്ഷേ ഇത്തരത്തിലുളള ഒരാവശ്യമുന്നയിക്കുന്നതിനു മുമ്പ് സഭ നിര്‍ബന്ധമായും മറുപടി പറയേണ്ട ചില വസ്തുതകളുണ്ട്. കേരളത്തിലെ ക്രിസ്ത്രീയ ജനസംഖ്യ 19 ശതമാനമാണ്. എന്നാല്‍ നിയമസഭയിലും പാര്‍ലമെന്റെിലും നിലവിലുളള ക്രിസ്ത്രീയ പ്രാതിനിധ്യം എത്രയാണ്. അതു ക്രിസ്തീയ ജനസംഖ്യാ പ്രാതിനിധ്യത്തേക്കാളും വളരെ വളരെ ഉയര്‍ന്നതാണെന്ന് സഭ തന്നെ അംഗീകരിക്കില്ലേ. അപ്പോള്‍ ഇവരെയൊക്കെ വോട്ടു ചെയ്തു വിജയിപ്പിക്കുന്നത് ഭൂരിപക്ഷവും അക്രൈസ്തവരാണെന്നു ഉറപ്പല്ലേ. ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ നിരവധി മന്ത്രിസഭകള്‍ക്ക് ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും ഇവരെ തിരഞ്ഞെടുക്കുന്ന എം എല്‍എമാരില്‍ ഭൂരിപക്ഷം അക്രൈസ്തവരായിരിക്കും. രാജ്യസഭയിലും കേന്ദ്രമന്ത്രി സഭയിലും എല്ലാം വിവിധ സന്ദര്‍ഭങ്ങളില്‍ ഇത്തരത്തിലുളള നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കാന്‍ സാധിക്കും.
പക്ഷേ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരിക്കലും അതൊരു പ്രശ്‌നമായിരുന്നില്ല. കാരണം ജനങ്ങള്‍  അവരെ കാണുന്നത് ക്രിസ്ത്യന്‍ നേതാക്കളായോ സഭയുടെ പ്രതിനിധികളായോ അല്ല. കേരളത്തിന്റെ സാംസ്‌കാരിക സവിശേഷതയും വ്യതിരിക്തതയും നിലനിര്‍ത്തുന്ന മതേതര പ്രസ്ഥാനങ്ങളുടെ നേതാക്കളായാണ്. അതുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ തിരൂരങ്ങാടിയില്‍ 1995 എ കെ ആന്റണിക്ക് പാട്ടും പാടി ജയിക്കാനായത്.
സഭക്ക് ഒരു പക്ഷേ തിരുവമ്പാടി മണ്ഡലത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കാനോ അല്ലെങ്കില്‍ യു.ഡി.ഫിനെ ഒരു പാഠം പഠിപ്പിക്കാനോ സാധിച്ചേക്കാം. പക്ഷേ ഇതേ മാതൃക മറ്റു ജന വിഭാഗങ്ങളും അനുവര്‍ത്തിക്കാന്‍ തുനിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? അതിന്റെ നഷ്ടം യു.ഡിഎഫിനോ ലീഗിനോ മാത്രമായിരിക്കുമോ? അതോ മതേതര കേരളത്തിനു മൊത്തമോ?
അവസാനമായി ഒരു ചോദ്യം കൂടി കര്‍ഷകന്റെയു കുടിയേറ്റക്കാരന്റെയും താല്‍പര്യ സംരക്ഷണം മുഴക്കുന്ന സഭ യഥാര്‍ത്ഥത്തില്‍ ആരുടെ കൂടെയാണ് ഇത്രയും കാലം നിലകൊണ്ടിട്ടുളളത്. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുളള മേഖലകള്‍ക്കും കര്‍ഷകന്റെ ജീവനും സ്വത്തിനു സംരക്ഷണം നല്‍കുന്നതുമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അതിന്റെ നിഴല്‍ രൂപം മാത്രമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അട്ടിമറിക്കുന്നതില്‍ സഭ വഹിച്ച പങ്ക് ആരു മറന്നാലും അമിതമായ ഖനനം മൂലം മണ്ണിടിഞ്ഞ് ഉരുള്‍പൊട്ടലില്‍ വീടും കുടുബവും നഷ്ടപ്പെട്ട നിരവധി അനുഭവങ്ങളുളള കുടിയേറ്റ ജനത മറക്കുമോ? കര്‍ഷകരാണോ അതോ ക്വാറി മാഫിയകളിലാണോ യഥാര്‍ത്ഥത്തില്‍ സഭക്ക് താല്‍പര്യം.
Next Story

RELATED STORIES

Share it