തിരുവമ്പാടി സീറ്റില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിംലീഗ്

തിരുവനന്തപുരം: തിരുവമ്പാടി സീറ്റിനെ ചൊല്ലി അസ്വാരസ്യം പുകയുന്നതിനിടെ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. തിരുവമ്പാടി ഉള്‍പ്പെടെ ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റിലും ഇനി ചര്‍ച്ചയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പാര്‍ട്ടി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ഥിയെയും മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ രാവിലെ കോണ്‍ഗ്രസ്സുമായി നടത്തിയത് ഉഭയകക്ഷി ചര്‍ച്ചയല്ല. ഇതുവരെ യുഡിഎഫ് നടത്തിയ ചര്‍ച്ചകളുടെ പുരോഗതി പങ്കുവയ്ക്കാന്‍ എത്തിയതാണെന്നും മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം കോണ്‍ഗ്രസ്സുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടിയിലെ ലീഗ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററെ അംഗീകരിക്കില്ലെന്ന് താമരശ്ശേരി രൂപതയും മലയോര വികസന സമിതിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം, മലബാര്‍ മേഖലയിലുള്ള സീറ്റുകള്‍ വച്ചുമാറാന്‍ കേരളാ കോണ്‍ഗ്രസ്(എം) സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ലീഗിന്റെ അഭിപ്രായം തേടിയതായും സൂചനയുണ്ട്. വടക്കന്‍ കേരളത്തില്‍ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യമുന്നയിച്ച കേരളാ കോണ്‍ഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റിലും കണ്ണുണ്ട്. ഇക്കാര്യത്തില്‍ മാണിയും ലീഗ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്.
അതിനിടെ, തിരുവമ്പാടി സീറ്റ് തര്‍ക്കത്തില്‍ താമരശ്ശേരി രൂപതയുമായി ലീഗ് നടത്താനുദ്ദേശിച്ച അനുരഞ്ജന ചര്‍ച്ച പാളി. ലീഗുമായി ചര്‍ച്ചയ്ക്കില്ലെന്നും മുഖ്യമന്ത്രി ഇടപെടട്ടെയെന്നും താമരശ്ശേരി രൂപത അറിയിച്ചതായി ലീഗ് ജില്ലാ അധ്യക്ഷന്‍ ഉമ്മര്‍ പാണ്ടികശാല മാധ്യമങ്ങളോട് പ്രതികരിച്ചു.
Next Story

RELATED STORIES

Share it