തിരുവമ്പാടി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കു;  യുഡിഎഫ് സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കും: സുധീരന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ മുന്‍ നിശ്ചയിച്ചതിലും നേരത്തെ പ്രഖ്യാപിക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. തിരഞ്ഞെടുപ്പിന് രണ്ടു മാസമുള്ളതിനാല്‍ സ്ഥാനാര്‍ഥി പട്ടിക അല്‍പം സമയമെടുത്ത് പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നത് മുന്‍തൂക്കം നഷ്ടപ്പെടുത്തുമെന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക ഈമാസം 19നാണ് പ്രഖ്യാപിക്കുക. അതിന് തൊട്ടടുത്ത ദിവസങ്ങളിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കും. ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി 15ന് അവരുടെ സീറ്റുകള്‍ നിശ്ചയിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനും നടപടിയാവും. 23ന് നിശ്ചയിച്ചിരുന്ന കെപിസിസി തിരഞ്ഞെടുപ്പ് സമിതി 16ന് ചേരും. തുടര്‍ന്ന് 19ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയിലേക്ക് പോവും. ഹൈക്കമാന്റുമായുള്ള അന്തിമചര്‍ച്ചകള്‍ക്ക് ശേഷം 22നു മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് മുമ്പായി ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയും പങ്കെടുത്തു.
അതേസമയം, കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ 15നും 16നുമായി ഇന്ദിരാഭവനില്‍ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. 16ന് വൈകീട്ട് മൂന്നിനാണ് കെപിസിസിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുക. സംഘപരിവാരത്തിന്റെ സന്ദേശവാഹകരായ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളുമായും യുഡിഎഫിന് യോജിച്ചുപോവാന്‍ സാധ്യമല്ല. അതിനാലാണ് രാജന്‍ ബാബുവിനെ മുന്നണിയില്‍ നിന്ന് ഒഴിവാക്കിയത്- സുധീരന്‍ പറഞ്ഞു.
തിരുവമ്പാടി സീറ്റ് സംബന്ധിച്ച് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. തിരുവമ്പാടി ലീഗിന് അനുവദിക്കപ്പെട്ടതാണ്. ഇതില്‍ തര്‍ക്കമില്ല. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നതിനാല്‍ അത് പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഈ വിഷയത്തില്‍ പരസ്യമായ ചര്‍ച്ച ഉചിതമല്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it