kozhikode local

തിരുവമ്പാടി പ്രതിസന്ധി: ലീഗിന്റെ നോട്ടം കൊയിലാണ്ടിയോ?

കൊയിലാണ്ടി: തിരുവമ്പാടി സീറ്റിനെച്ചൊല്ലി യുഡിഎഫ് മുന്നണിക്കകത്ത് പ്രശ്‌നം ഉയര്‍ന്നതോടെ മുസ്‌ലിംലീഗിന്റെ നോട്ടം കൊയിലാണ്ടിയിലേക്ക്.
ജില്ലയില്‍ വിജയസാധ്യതയുള്ള ഒരു സീറ്റ് കിട്ടിയാല്‍ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിനു നല്‍കാം എന്ന മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത് കൊയിലാണ്ടി ലക്ഷ്യംവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ സിപിഎം എംഎല്‍എയാണ് കൊയിലാണ്ടിയിലെങ്കിലും യുഡിഎഫ് ഒരുമിച്ച് നിന്നാല്‍ വിജയിക്കാവുന്നതേയുള്ളൂ എന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് ഉണ്ടായപ്പോള്‍ മാത്രമാണ് സിപിഎം ഇവിടെ നിന്നു വിജയിച്ചത്. ഇ നാരായണന്‍ നായര്‍, എം കുട്ട്യാലി, എം ടി പത്മ, പി ശങ്കരന്‍ തുടങ്ങിയവര്‍ കൊയിലാണ്ടിയില്‍ നിന്നു ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. മൊത്തം വോട്ടര്‍മാരില്‍ 25 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരാണ്. മണ്ഡലത്തിലെ പയ്യോളി നഗരസഭയുടെ ചെയര്‍പേഴ്‌സന്‍ മുസ്‌ലിംലീഗിനാണ്. ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ വൈസ് ചെയര്‍മാന്‍ ലീഗിന്റേതാണ്. ഇതിനെല്ലാം പുറമെ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവായ സെയ്തു ഉമ്മര്‍ ബാഫഖി തങ്ങളുടെ ജന്മദേശമാണ് കൊയിലാണ്ടി. സി എച്ച് മുഹമ്മദ് കോയ, സെയ്തു ഉമ്മര്‍ ബാഫഖി തങ്ങള്‍, പി വി മുഹമ്മദ് എന്നീ നേതാക്കളും കൊയിലാണ്ടിക്കാരാണ്. മുസ്‌ലിംലീഗ് സംസ്ഥാന നേതാക്കളായ സെയ്തു മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ എന്നിവര്‍ക്കെല്ലാം കൊയിലാണ്ടിയുമായി ബന്ധുത്വമുള്ളവരും കൂടിയാണ്. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗിന് വിജയസാധ്യതയുള്ള സീറ്റാണ് കൊയിലാണ്ടി. ലഭിച്ചാല്‍ മുന്‍ മന്ത്രി പി കെ കെ ബാവയോ, നിയോജക മണ്ഡലം പ്രസിഡന്റ് വി പി ഇബ്രാഹിംകുട്ടിയോ സ്ഥാനാര്‍ഥിയായേക്കും.
Next Story

RELATED STORIES

Share it