kozhikode local

തിരുവമ്പാടിയില്‍ ബിഡിജെഎസിനെ എസ്എന്‍ഡിപി തുണച്ചില്ല

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മത്സരിച്ച എന്‍ഡിഎ-ബിഡിജെഎസ് സ്ഥാനാര്‍ഥി ഗിരി പാമ്പനാലിന് മണ്ഡലത്തിലെ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിന്റേയും പിന്തുണ നേടാനായില്ലെന്ന് കണക്കുകള്‍. 8749 വോട്ടാണ് ഇദ്ദേഹത്തിന് ആകെ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ 6157 വോട്ടുകള്‍ ലഭിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് ഏഴായിരത്തിന് മുകളിലായി. അങ്ങനെ വരുമ്പോള്‍ 1700 ഓളം വോട്ടുകളെ അധികമായി ലഭിച്ചിട്ടുള്ളു. എന്നാല്‍, മണ്ഡലത്തില്‍ 10000 പേരെ ബിഡിജെഎസില്‍ അംഗങ്ങളാക്കിയിട്ടുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും കൂടി പതിനയ്യായിരത്തോളം വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ടാകും .ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും പിന്തുണ ബിഡിജെഎസിന് നേടാന്‍ സാധിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .തിരുവമ്പാടി എസ്എന്‍ഡിപി യൂണിയനില്‍ നിലനില്‍ക്കുന്ന വിഭാഗീയത ബിഡിജെഎസ് ശക്തിപ്പെടുത്തുന്നതിന് വിലങ്ങുതടിയായി.
രണ്ടു വര്‍ഷം മുന്‍പ് നടന്ന തിരുവമ്പാടി എസ്എന്‍ഡിപി യുണിയന്‍ തെരഞ്ഞെടുപ്പോടെയാണ് അനൈക്യം രൂപപ്പെട്ടത്. ഗിരി പാമ്പനാല്‍ പ്രസിഡന്റായി മത്സരിച്ച പാനലാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതുമുതല്‍ മുന്‍ ഭാരവാഹികളെയും തിരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം നിന്ന ശാഖകളെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാതെ അകറ്റി നിര്‍ത്തുകയാണെന്നാണ് മുന്‍ ഭാരവാഹികള്‍ പറയുന്നത്. കുടിയേറ്റ മേഖലയായ തിരുവമ്പാടിയില്‍ എസ്എന്‍ഡിപി യൂണിയനും ശാഖകളും രൂപീകരിച്ച് മലബാറിലെ തന്നെ ഏറ്റവും ശക്തമായ യൂണിയനായി വളര്‍ത്തിയെടുക്കുന്നതിന് 35 വര്‍ഷത്തോളം നേതൃത്വം നല്‍കിയവരെ അകറ്റി നിര്‍ത്തുന്നതില്‍ നല്ലൊരു ശതമാനം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. ഇത് സംഘടനാ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്.
ഇതു കൊണ്ടു തന്നെ തിരുവമ്പാടി മണ്ഡലത്തില്‍ ബിഡിജെഎസിന്റെ വിവിധ തലങ്ങളിലുള്ള സംഘടനാ സംവിധാനം മിക്കവാറും ശാഖകളില്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ബിഡിജെഎസ് പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറച്ചു. ബിജെപി നേതൃത്യത്തിന് ഇതില്‍ അതൃപ്തിയുണ്ടായിരുന്നു. കൊട്ടിക്കാലശ ദിവസം കേന്ദ്ര മന്ത്രി മുക്കത്തെത്തിയപ്പോഴും പ്രതീക്ഷിച്ചത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനുമായില്ല. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം പേരും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. അവരെ ബിഡിജെഎസിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചിട്ടില്ലെന്നാണ് വോട്ടുകളുടെ കണക്കുകള്‍ തെളിയിക്കുന്നത്. തിരുവമ്പാടി എസ്എന്‍ഡിപി യൂണിയനു കീഴിലെ ആനക്കാംപൊയില്‍, പുല്ലൂരാമ്പാറ, പൊന്നാങ്കയം ,കൂടരഞ്ഞി, പുന്നക്കല്‍, പൂവാറന്‍തോട്, തുടങ്ങിയ ശാഖകളില്‍ നല്ലൊരു പങ്ക് പ്രവര്‍ത്തകരും സിപിഎം അനുഭാവികളാണ്. തോട്ടത്തിന്‍കടവ്, തിരുവമ്പാടി, ചമല്‍, കണ്ണോത്ത്, കാഞ്ഞിരമുഴി , തോട്ടുമുക്കം, നെല്ലിക്കാപ്പറമ്പ് ,തുടങ്ങിയ ശാഖകളില്‍ കോണ്‍ഗ്രസ്, ബി.ജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട്.
Next Story

RELATED STORIES

Share it