തിരുവനന്തപുരത്ത് വ്യാപക പോലിസ് റെയ്ഡ്: കരാറുകാരന്റെ ഗോഡൗണില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചു

എംഎം അന്‍സാര്‍

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് വ്യപകമായി പോലിസ് റെയ്ഡ്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ച സ്ഥലങ്ങളിലല്ലാം പരിശോധന നടന്നു.
കഴക്കൂട്ടം മേഖലയില്‍ നടന്ന വ്യാപകപരിശോധനയില്‍ നാലു സ്ഥലങ്ങളില്‍ പത്തു ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന പടക്കങ്ങളും നിര്‍മാണ ഉപകരണങ്ങളും വെടിമരുന്നും പോലിസ് കണ്ടെടുത്തു. കരാറുകാരനായിരുന്ന സുരേന്ദ്രന്റെ കഴക്കൂട്ടം തെക്കേമുക്കിലെ വസതിയിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. സ്ഥാപനം പൂട്ടി പടക്കശേഖരങ്ങള്‍ക്കു സീല്‍ വച്ചു.
കഴക്കൂട്ടം തെക്കേമുക്കിലുള്ള സുരേന്ദ്രന്റെ കുടുംബ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള മഹാദേവാ കോംപഌക്‌സിലും പോലിസ് റെയ്ഡ് നടത്തി. ആറ്റിങ്ങല്‍ വെള്ളാണിക്കലില്‍നിന്നുള്ള വെടിമരുന്നിനു പുറമെ ഈ സ്ഥാപനത്തില്‍ ശേഖരിച്ചിരുന്ന വെടിമരുന്നുകളും പടക്കങ്ങളും പരവൂരിലെ വെടിക്കെട്ടിനെത്തിച്ചിരുന്നു എന്നാണു പോലിസ് നിഗമനം.
മൂന്നുനില കെട്ടിടത്തിന്റെ മട്ടുപ്പാവിലും താഴത്തെ നിലയിലുമായി പ്രവര്‍ത്തിക്കുന്ന പടക്കക്കടയെ സംബന്ധിച്ച് നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തിങ്ങിനിറഞ്ഞ ഈ ഭാഗത്ത് പടക്കങ്ങള്‍ ശേഖരിക്കാനോ വില്‍ക്കാനോ അനുമതി നല്‍കില്ലെന്നു പോലിസ് അറിയിച്ചു. സുരേന്ദ്രന്റെ മകള്‍ തുഷാരയുടെ പേരിലാണ് കഴക്കൂട്ടത്തെ കെമിക്കല്‍ ശാലയുടെ ലൈസന്‍സ്. മാര്‍ച്ച് 31നു ലൈസന്‍സ് കാലാവധി തീര്‍ന്നിരുന്നു. വീട്ടില്‍നിന്നും പടക്കശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് സുരേന്ദ്രന്റെ പേരില്‍ കേസെടുക്കുമെന്നും പോലിസ് പറഞ്ഞു. പടക്കനിര്‍മാണ തൊഴിലാളികളായ അഞ്ചുപേരെയും ഫാന്‍സി പടക്കങ്ങളുടെ ലൈസന്‍സുപയോഗിച്ച് നിര്‍മാണ പടക്കങ്ങള്‍ ശേഖരിച്ചതിനു കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി വാമദേവനെയും മകന്‍ ബൈജുവിനെയും കസ്റ്റഡിയിലെടുത്തു. അനധികൃതമായി പടക്കങ്ങള്‍ വിറ്റതിനു തുമ്പ സ്വദേശി ഷൈനിനെയും പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it