തിരുവനന്തപുരത്ത് റിബലുകള്‍ക്ക് 24 മണിക്കൂര്‍ സമയംകോണ്‍ഗ്രസ് വിമതര്‍ക്കെതിരേ നടപടി തുടരുന്നു

തിരുവനന്തപുരം: തദ്ദേശ  തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റേയും യുഡിഎഫ് ഘടകകക്ഷികളുടേയും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കെപിസിസി നടപടി തുടരുന്നു. 34 പേര്‍ക്കെതിരേയാണ് ഇന്നലെ നടപടിയെടുത്തത്. അതേസമയം, തിരുവനന്തപുരം ജില്ലയിലെ റിബലുകള്‍ക്ക് പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങാനാണ് നിര്‍ദേശം. ഇതു ലംഘിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള മുന്നറിയിപ്പ് നല്‍കി.
ആലപ്പുഴ ജില്ലയില്‍ റിബലുകളായി മല്‍സരിക്കുന്ന ചമ്പക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വര്‍ഗീസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെ ന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു.
മലപ്പുറത്ത് കെപിസിസി നിര്‍ദേശം ലംഘിച്ച് ഇടതുപക്ഷവുമായി സഹകരിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ചെറിയമുണ്ടം, മാറാക്കര, കൊണ്ടോട്ടി എന്നീ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളെ  പിരിച്ചുവിട്ടു. ഈ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരായ എം പി സിദ്ദീഖ്, കെ പി സുരേന്ദ്രന്‍, കെ എം ബിച്ചു എന്നിവരെയും പരപ്പനങ്ങാടി ഡിസിസി മെംബര്‍ വി പി ഖാദറിനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായും സുധീരന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മുന്‍ മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ് ഉള്‍പ്പെടെ ആറുപേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ഡിസിസി അംഗം രമേശ് നമ്പിയത്ത് ഉള്‍പ്പെടെ 10 പേര്‍ക്ക് നോട്ടീസ് നല്‍കി.  പാലക്കാട് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന രമണി ഭായി, ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ നടപടിയുണ്ടാവും.  കൊല്ലത്ത് ഒമ്പതു പേര്‍ക്കെതിരെ നടപടിക്കായി ഡിസിസി കെപിസിസിക്ക് ശുപാര്‍ശ നല്‍കി. കാസര്‍കോട് 10 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എറണാകുളം ഡിസിസിയുടെ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മൂന്ന് കൗണ്‍സിലര്‍മാരേയും ഒരു മുന്‍ കൗ ണ്‍സിലറെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മറ്റു ജില്ലകളിലും വിമതര്‍ക്കെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്നവരെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശ്രമം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it