Flash News

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് നാലു തൊഴിലാളികള്‍ മരിച്ചു



തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ ഫഌറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് നാലു തൊഴിലാളികള്‍ മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റ് സമുച്ചയത്തിന് സമീപമുള്ള മണ്‍തിട്ടയാണ് ഇടിഞ്ഞുവീണത്. ഒരു മലയാളിയും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുമാണ് മരിച്ചത്. മലയാളിയായ ഒരു തൊഴിലാളിയെ രക്ഷിക്കാനായി. വേങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്‍ (26), ബിഹാര്‍ സ്വദേശികളായ ഹര്‍ണാദ് ബര്‍മന്‍ (27), ഭജന്‍ വര്‍മന്‍ (27), സഫ്‌വാന്‍ എന്നിവരാണ് മരിച്ചത്. വേങ്ങോട് സ്വദേശി സുദര്‍ശന്‍ (46) പരിക്കുകളോടെ രക്ഷപ്പെട്ടു. കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മരണമടഞ്ഞ ഉണ്ണികൃഷ്ണനും പരിക്കേറ്റ സുദര്‍ശനും പൈലിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നപ്പോഴാണ്   അമ്പതടിയോളം പൊക്കത്തില്‍ നിന്ന് മണ്ണിടിഞ്ഞുവീണത്. കോഴിക്കോട് ആസ്ഥാനമായ  ലാഡര്‍ (കേരള ലാന്‍ഡ് റിഫോംസ് ഡവലപ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റി) കണ്‍സ്ട്രക്ഷന്‍ കമ്പനിക്കു വേണ്ടി കരാര്‍ ജോലി ചെയ്യുന്ന ഓക്ഷ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ   ജീവനക്കാരാണ് അപകടത്തി ല്‍പ്പെട്ട് മരിച്ചത്. പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എതിര്‍വശത്തുള്ള ഫഌറ്റ് സമുച്ചയത്തിലാണ് അപകടം നടന്നത്. ഉയരമുള്ള മണ്‍തിട്ടയില്‍നിന്ന് മണ്ണ് ഇളകിവീണായിരുന്നു അപകടം. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് മണ്ണിളകിയത്. ഇത് ഇടിഞ്ഞുവീഴുന്നത് തടയുന്നതിനുള്ള ശ്രമത്തിലായിരുന്നു തൊഴിലാളികള്‍. അപകടം നടന്നയുടന്‍ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. അപകടവിവരമറിഞ്ഞ് ചെങ്കല്‍ച്ചൂളയില്‍ നിന്നും  കഴക്കൂട്ടത്തു നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും പോലിസും  ചേര്‍ന്ന് മണ്ണുമാന്തി യന്ത്രം,  ഹൈഡ്രോളിക് കട്ടര്‍ എന്നിവ ഉപയോഗിച്ച്  കോണ്‍ക്രീറ്റ് ഉള്‍പ്പെടെ മുറിച്ചുനീക്കി മണിക്കൂറുകളോളം പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍  നാട്ടിലെത്തിക്കാനാണ്  ശ്രമം. സംഭവത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it