തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. നോളജ് സെന്റര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍, ഐടി സെക്രട്ടറി ശിവശങ്കര്‍ എന്നിവരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഐടി, ഇലക്‌ട്രോണിക്‌സ്, എയ്‌റോസ്‌പേസ് ടെക്‌നോളജി എന്നീ മേഖലകളില്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിന് കിന്‍ഫ്രയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കും. ഇതിനാവശ്യമായ സാങ്കേതിക സഹായം ഐഎസ്ആര്‍ഒയുടെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും നല്‍കും. ഡോ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള നോളജ് സെന്ററിന്റെയും സയന്‍സ് മ്യൂസിയത്തിന്റെയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. കെ ശിവന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനായി കവടിയാറില്‍ 1.75 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലോഞ്ചിങ് വെഹിക്കിള്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കാവശ്യമായ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലേക്കും ഉല്‍പാദിപ്പിച്ചു നല്‍കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തും. മല്‍സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഘടിപ്പിക്കുന്നതിനുള്ള 500 നാവിക് ഉപകരണങ്ങള്‍ ഉടന്‍ നിര്‍മിച്ചു നല്‍കും.
Next Story

RELATED STORIES

Share it