തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രഥമ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടങ്ങി. കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമാതുറ സ്വദേശി ബഷീറിനാണ് പാറശ്ശാല സ്വദേശി ധനേഷ് മോഹന്റെ കരള്‍ മാറ്റിവയ്ക്കുന്നത്.
ബൈക്ക് അപകടത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 21നാണ് പാറശ്ശാല സ്വദേശിയായ 18കാരന്‍ ധനേഷ് മോഹനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് സമ്മതം തേടി. ബന്ധുക്കള്‍ സമ്മതിച്ചതോടെ അവയവദാനത്തിന് കളമൊരുങ്ങി. ധനേഷ് മോഹന്റെ രണ്ട് വൃക്കകളും ദാനം ചെയ്തു. കൂലിപ്പണിക്കാരനായ മോഹന്‍രാജിന്റേയും വിജയകുമാരിയുടേയും രണ്ടുമക്കളില്‍ ഇളയമകനാണ് ധനേഷ്. ജെസിബി ഓപറേറ്റര്‍ ആയി പാലക്കാട് ജോലി ചെയ്തിരുന്ന ധനേഷ് ലൈസന്‍സ് ആവശ്യത്തിനായി നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ തല പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം സ്വദേശമായ പാറ—ശ്ശാലയില്‍ കൊണ്ടുപോവും.
അവയവദാന രംഗത്തു പ്രവര്‍ത്തിക്കുന്ന മൃതസഞ്ജീവനിയും മെഡിക്കല്‍ കോളജ് അധികൃതരും കരള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ ആറുമണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍വരെ നീളാം. സ്വകാര്യ മേഖലയില്‍ ഏകദേശം 30 ലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നത്. വൈകീട്ട് 5.30 ഓടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയ ആരംഭിച്ചത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ ഡോ. രമേഷ് രാജന്‍, ഡോ. ബോണി നടേഷ്, ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിലും കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലുമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it